വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യ ഇന്ന് ന്യൂസിലാന്‍റിനെ നേരിടും

Jaihind Webdesk
Friday, November 9, 2018

ICC-Women-T20-Worldcup

ഐസിസി വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കമാകും. വെസ്റ്റ് ഇൻഡീസാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. പത്ത് ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരക്കുന്നത്.

ആവേശം തുളുമ്പുന്ന ക്രിക്കറ്റിന്‍റെ പെൺപതിപ്പിനാണ് കരീബിയൻ മണ്ണ് വേദിയാവുന്നത്. ഉദ്ഘാടന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിനെ നേരിടും.

അതേസമയം, ഇന്ത്യക്കും ഇന്ന് മത്സരമുണ്ട്.  ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. താരതമ്യേന കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് ഇന്ത്യ.

സൂപ്പർ താരം സ്മൃതി മന്ദാന, ഏകദിന നായിക മിതാലി രാജ് ഉൾപ്പടെയുള്ള വലിയ താരനിരയുമായാണ് ഇന്ത്യ ലോകകപ്പിൽ മത്സരിക്കാനിറങ്ങുന്നത്.

കന്നി കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന് മുമ്പ് 2009ലും 2010ലും സെമിഫൈനൽ വരെ എത്തിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.

ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. മൂന്ന് തവണ കിരീടമുയർത്തിയ ഓസ്ട്രേലിയ, ചിരവൈരികളായ പാക്കിസ്ഥാൻ, ശക്തരായ ന്യൂസിലൻഡ് എന്നീ ടീമുകൾക്ക് പുറമെ കുഞ്ഞന്മാരായ അയർലൻഡുമാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ എതിരാളികൾ.

2009ൽ നടന്ന ആദ്യ ലോകകപ്പിൽ ഇംഗ്ലണ്ടായിരുന്നു കിരീട ജേതാക്കൾ. പിന്നീട് മൂന്ന് തവണ അടുപ്പിച്ച് ഓസ്ട്രേലിയയുടെ തേരോട്ടമായിരുന്നു 2010, 2012, 2014 വർഷങ്ങളിൽ കിരീടം കൊണ്ടുപോയത് ഓസ്ട്രേലിയ ആയിരുന്നു. 2016ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ കരീബിയൻ വനിതകൾ കിരീടമുയർത്തി.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് മുതൽ മികച്ച ഫോമിലാണ് ഇന്ത്യ കളിക്കുന്നത്. ലോകകപ്പിൽ ഫൈനൽ വരെ എത്തി പൊരുതി വീണ ടീമിന് രാജ്യത്ത് ലഭിച്ചത് വിജയിക്കളേക്കാൾ വലിയ സ്വീകരണമായിരുന്നു. പിന്നീടിങ്ങോട്ട് വനിതാ ക്രിക്കറ്റിന് ഇന്ത്യയിൽ ഉണ്ടായ ജനപ്രീതിയും ആരാധക പിന്തുണയുമെല്ലാം ട്വന്‍റി-20 ലോകകപ്പിലും ടീമിന് ഊർജ്ജമായി മാറും.