ഇന്ത്യയും ന്യൂസിലന്‍ഡും കൈകോര്‍ക്കുന്നു; സ്വതന്ത്ര വ്യാപാര കരാര്‍ മൂന്ന് മാസത്തിനകം ഒപ്പുവെക്കും

Jaihind News Bureau
Monday, December 22, 2025

ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സാമ്പത്തിക ബന്ധത്തില്‍ പുതിയ ചരിത്രം കുറിച്ച് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. ഒമ്പത് മാസത്തെ റെക്കോര്‍ഡ് കാലയളവിനുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ കരാര്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.

കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള വ്യാപാരം ഇരട്ടിയായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിലൂടെ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വലിയ അവസരങ്ങള്‍ കൈവരും. കൂടാതെ, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1.6 ലക്ഷം കോടി രൂപ) നിക്ഷേപം നടത്താന്‍ ന്യൂസിലാന്‍ഡ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

2025 മാര്‍ച്ചില്‍ ക്രിസ്റ്റഫര്‍ ലക്‌സണ്‍ നടത്തിയ ഇന്ത്യ സന്ദര്‍ശന വേളയിലാണ് കരാറിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചത്. സാധാരണ ഗതിയില്‍ വര്‍ഷങ്ങള്‍ നീളുന്ന ഇത്തരം കരാര്‍ നടപടികള്‍ വെറും ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി എന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന് മാസത്തിനകം കരാറില്‍ ഔദ്യോഗികമായി ഇരുരാജ്യങ്ങളും ഒപ്പുവെക്കും.

വ്യാപാരത്തിന് പുറമെ പ്രതിരോധം, കായികം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക വിനിമയം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പുതിയ തൊഴില്‍-പഠന അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം തന്ത്രപരമായ പങ്കാളിത്തം ഊഷ്മളമായി നിലനിര്‍ത്താനും കരാര്‍ ലക്ഷ്യമിടുന്നു.