രാജ്യത്തിന്‍റെ സാമ്പത്തികനില അതീവ ഗുരുതരം; ആഘാതം രൂക്ഷം; ഇന്ത്യ നീങ്ങുന്നത് വലിയ ആപത്തിലേക്കെന്ന് മുന്നറിയിപ്പും നില മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങളുമായി മന്‍മോഹന്‍ സിങ്

Jaihind News Bureau
Friday, March 6, 2020

manmohan-singh

സാമ്പത്തികവും ജനാധിപത്യവുമായി ശക്തരായ രാഷ്ട്രങ്ങളുടെ മുന്‍ നിരയില്‍ നിന്ന് ഇന്ത്യ താഴേക്ക് കൂപ്പുകുത്തുമെന്ന ആശങ്ക പങ്കുവച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. രാജ്യത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയും എന്ന് പ്രധാനമന്ത്രി വാക്കിലൂടെയല്ല പ്രവര്‍ത്തിയിലൂടെ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷമായ സാമ്പത്തിക മാന്ദ്യം, ലോകവ്യാപകമായി പടരുന്ന കൊറോണാ വൈറസ്, സാമൂഹിക സഹവര്‍ത്തിത്വത്തില്‍ ഉണ്ടായിട്ടുള്ള വീഴ്ചയെത്തുടർന്നുള്ള കലാപം തുടങ്ങി വിവിധ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിലാണ് രാജ്യം നേരിടാന്‍ പോകുന്ന വന്‍ അപകടത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. പ്രമുഖ ദേശീയ ദിനപത്രത്തിലെ ലേഖനത്തിലൂടെയാണ് മുന്നറിയിപ്പും നില മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങളുമായി രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാള്‍ കൂടിയായ മന്‍മോഹന്‍ സിങ് രംഗത്തെത്തിയത്.

ഡല്‍ഹി കലാപം മുന്‍ നിർത്തിയുള്ള ലേഖനത്തില്‍ സാമൂഹിക അനൈക്യവും സാമ്പത്തിക മുരടിപ്പും ഒപ്പം പകര്‍ച്ചവ്യാധി പടരുന്നതും കൂടിയാകുമ്പോള്‍ രാജ്യം കടന്നു പോകുന്നത് വലിയ ആപത്തിലൂടെയാണെന്നും ഇവ ഇന്ത്യയുടെ ആത്മാവിനെ മാത്രമല്ല, ആഗോളതലത്തില്‍ ജനാധിപത്യ സാമ്പത്തിക ശക്തിയെന്നുള്ള ഇന്ത്യയുടെ സ്ഥാനം തന്നെ ഇല്ലാതാക്കുമെന്നും മുന്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.

കൊവിഡ്19 രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിനു കനത്ത പരിക്കേൽപ്പികാൻ ഇടയുണ്ടെന്നും ഇതിനെ നേരിടാൻ തയാറെടുപ്പ് നടത്തണമെന്നും പറയുന്ന മന്‍മോഹന്‍സിംഗ് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ചില നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചു. രാജ്യം പൂര്‍ണമായും രോഗ വിമുക്തമാകണം. ഇതിനായി ഒത്തൊരുമിച്ച് ചിട്ടയോടെ പ്രവര്‍ത്തിക്കണം. ഇതിന് രാജ്യത്ത് ഐക്യം നിലനിൽക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ ഇപ്പോള്‍ നടപ്പാക്കിയ പൗരത്വ നിയമം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണം. ഇതോടൊപ്പം സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാൻ ഒരു ധന ഉത്തേജക പാക്കേജ് നടപ്പാക്കണം. രാജ്യത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി ജനങ്ങളെ പ്രാവര്‍ത്തികമായിത്തന്നെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”യൂണിവേഴ്‌സിറ്റി കാമ്പസുകളും പൊതു സ്ഥലങ്ങളും വീടുകളും സാമുദായിക അതിക്രമങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. ക്രമസമാധാന സ്ഥാപനങ്ങള്‍ പൗരന്മാരെ സംരക്ഷിക്കണമെന്ന അവരുടെ ധര്‍മ്മം ഉപേക്ഷിച്ചു. നീതി സ്ഥാപനങ്ങളും ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമങ്ങളും വ്യത്യസ്തമായില്ല. സാമൂഹിക പിരിമുറുക്കങ്ങള്‍ രാജ്യത്തിന്‍റെ ആത്മാവിന് തന്നെ ഭീഷണിയായിരിക്കുകയാണ്. തീ കത്തിച്ച ആളുകള്‍ക്ക് മാത്രമേ അത് കെടുത്താന്‍ കഴിയൂ. ഇപ്പോഴത്തെ അക്രമത്തെ ന്യായീകരിക്കാന്‍ മുന്‍കാല ആക്രമണങ്ങളും ചരിത്രവും ചൂണ്ടിക്കാണിക്കുന്നത് നിരര്‍ത്ഥകമാണ്. ഓരോ അക്രമവും മഹാത്മാഗാന്ധിയുടെ ഇന്ത്യയെയാണ് കളങ്കപ്പെടുത്തുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപകരും വ്യവസായികളും സംരംഭകരും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ മടിക്കുകയാണ്. സാമൂഹിക അനൈക്യവും സാമുദായിക സംഘര്‍ഷവും അവരില്‍ ഭയം വര്‍ധിപ്പിക്കുകയാണ്. സാമ്പത്തിക വളർച്ചയുടെ ഉരകല്ലാണ് സാമൂഹിക ഐക്യം. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യത്തില്‍ അത് അപകടാവസ്ഥയിലാണ്. സമൂഹത്തില്‍ അശാന്തി പടര്‍ത്തുന്ന വിഭാഗങ്ങള്‍ക്കിടയില്‍ മതപരമായ അസഹിഷ്ണുതയുടെ തീജ്വാലകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു.