ഗുവാഹത്തിയില്‍ കോഹ്‍ലി-രോഹിത് ഷോ; വിന്‍ഡീസിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്

Sunday, October 21, 2018

വിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ഗുവാഹത്തി ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി  ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും, വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോള്‍ വിന്‍ഡീസ് വീര്യം നിഷ്പ്രഭമായി. കോഹ്‍ലി 140 റണ്‍സ് നേടി പുറത്തായപ്പോള്‍ രോഹിത് ശര്‍മ 152 റണ്‍സുമായി പുറത്താകാതെ നിന്നു. കോഹ്‍ലി ഏകദിനത്തില്‍ 36 സെഞ്ച്വറി തികച്ചപ്പോള്‍ രോഹിത് ശര്‍മ സെഞ്ച്വറി നേട്ടം ഇരുപതാക്കി.

ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മിറിന്‍റെ  സെഞ്ച്വറി കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് എടുത്തു. കീരണ്‍ പവല്‍ 39 പന്തില്‍ നേടിയ 51 റണ്‍സും വിന്‍ഡീസ് സ്കോറിംഗിന് കരുത്തേകി.

യുസ്വേന്ദ്ര ചാഹല്‍ വിന്‍ഡീസിന്‍റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോര്‍ബോര്‍ഡ് പത്തില്‍ നില്‍ക്കുമ്പോള്‍ ശിഖര്‍ ധവാന്‍റെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ കോഹ്‍ലിയും രോഹിതും സെഞ്ച്വറികളുമായി കളംനിറഞ്ഞതോടെ 43–ാം ഓവറിലെ ആദ്യ പന്തില്‍ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കി.

ജയത്തോടെ അഞ്ച് മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. 24ന് വിശാഖപട്ടണത്താണ്  രണ്ടാം ഏകദിനം.