ട്വന്‍റി-20 യില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

Monday, November 5, 2018

വിന്‍ഡീസിനെ അഞ്ച് വിക്കറ്റിനു തകർത്ത് ട്വന്‍റി 20 പരമ്പരയിലും ഇന്ത്യയ്ക്കു വിജയത്തുടക്കം. ഇന്ത്യ 17.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് മാൻ ഓഫ് ദ മാച്ച്.

ട്വന്‍റി 20യിൽ നൂറ് വിക്കറ്റുകൾ എന്ന നേട്ടമാണ് കുൽദീപ് പിന്നിട്ടിരിക്കുന്നത്. 31 റൺസെടുത്ത ദിനേഷ് കാർത്തികും 21 റൺസെടുത്ത കുനാൽ പാണ്ഡ്യയും ചേർന്ന അപരാജിതമായ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എം.എസ് ധോണിയില്ലാതെ സ്വന്തം മണ്ണിൽ ആദ്യ ട്വന്‍റി 20 മൽസരത്തിനിറങ്ങിയ ഇന്ത്യ ഖലീൽ അഹ്മദ്, ക്രുനാൽ പാണ്ഡ്യ എന്നിവർക്ക് അരങ്ങേറ്റത്തിന് അവസരം നൽകി.

വിൻഡീസിനെതിരെ നാല് ട്വന്‍റി 20 മൽസരങ്ങൾക്കുശേഷമുള്ള ഇന്ത്യയുടെ ജയം കൂടിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന്‍റെ വിക്കറ്റുകള്‍ തുടക്കത്തിൽ തന്നെ വീഴ്ത്തി ഇന്ത്യൻ പേസർമാർ സമ്മർദത്തിലാക്കി. മൂന്നാം ഓവറിൽ തന്നെ ഉമേഷ് യാദവിന്‍റെ പന്തിൽ ദിനേഷ് രാംദിനെ നഷ്ടമായ വിൻഡീസിന് പിന്നീട് കരകയറാനായില്ല. ഫോമിലേക്ക് വന്ന ഷായ് ഹോപ്പ് റൺഔട്ടായതും വിൻഡീസിന് തിരിച്ചടിയായി. 15 ഓവറായപ്പോഴേക്കും ഏഴിന് 63 എന്ന നിലയിൽ പതറിയ വിൻഡീസിനെ പിന്നീട് ഫാബിയൻ അലനും കീമോ പോളും ചേര്‍ന്നാണ് നൂറ് കടത്തിയത്.

വെറും 13 റൺസ് വഴങ്ങിയാണ് കുൽദീപ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ഉമേഷ് യാദവ്, ഖലീൽ അഹ്മദ്, ജസ്പ്രീത് ബുമ്ര, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഓപ്പണർമാരായ രോഹിത് ശർമയെയും ശിഖർ ധവാനെയും പുറത്താക്കി അരങ്ങേറ്റ താരം ഒഷെയ്ൻ തോമസ് വിൻഡീസിന് പ്രതീക്ഷ നൽകി. എന്നാൽ ആദ്യം പാണ്ഡെ-രാഹുൽ കൂട്ടുകെട്ടും പിന്നീട് കാർത്തിക്ക്-ക്രുനാൽ കൂട്ടുകെട്ടും ഇന്ത്യൻ ജയം അനായാസമാക്കി.