ഡീ അഡിക്ഷൻ സെന്‍ററുകളുടെ എണ്ണം വർധിപ്പിക്കണം: ജോണ്‍ ഡാനിയല്‍

Jaihind News Bureau
Thursday, April 2, 2020

തൃശൂർ: മദ്യാസക്തി മൂലം ഉണ്ടാവുന്ന അസുഖങ്ങൾക്ക് സർക്കാരിന്‍റെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഡീ അഡിക്ഷൻ സെന്‍ററുകളുടെ എണ്ണം കേരളത്തിൽ വർധിപ്പിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. നിലവിൽ ജില്ലയിൽ ചാലക്കുടി സർക്കാർ ആശുപത്രിയിൽ മാത്രമാണ് സർക്കാറിന് കീഴിലുള്ള വിമുക്തി ഡീ-അഡിക്ഷൻ സെന്‍റർ ഉള്ളത്. ഇവിടെ നിലവിൽ കിടത്തി ചികിത്സയ്ക്കായി ആകെ 10 ബെഡുകൾ മാത്രമാണ് ഉള്ളത്. മദ്യാസക്തി മൂലമുണ്ടാകുന്ന വിഭ്രാന്തിക്ക് ചികിത്സ നൽകേണ്ട സൈക്യാട്രി ഡോക്ടറുടെ സേവനം ഇവിടെ ലഭ്യവുമല്ല. മദ്യപാനത്തിന് അടിമയായവർക്ക് ലോക്ക്ഡൗൺ കാലയളവിൽ മദ്യം കിട്ടാത്തത് ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നത് വസ്തുതയാണ്. അവർക്ക് യഥേഷ്ടം മദ്യം എത്തിച്ചു കൊടുക്കുന്നതല്ല അതിന് പ്രതിവിധി എന്ന് വിദഗ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയമായ ചികിൽസയും കൗൺസിലിംഗും  വഴിയാണ് അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കേണ്ടത്. അതല്ലാതെ, മദ്യാസക്തിയെ മദ്യ വിതരണം കൂടുതൽ വ്യാപകമാക്കുന്നതിനുള്ള കാരണമായി സർക്കാർ ഉപയോഗപ്പെടുത്തരുത്.

മദ്യവിൽപനയിൽ നിന്നുള്ള ലാഭത്തിലെ ഒരു വിഹിതം ഉപയോഗിച്ച് മദ്യപാനരോഗികളുടെ പുനരധിവാസവും മദ്യമുക്തിയും സാധ്യമാക്കാൻ എക്സൈസ് വകുപ്പിന്‍റെ ‘വിമുക്തി’ പദ്ധതി നിലവിലുണ്ടെങ്കിലും, ചടങ്ങു പോലെയുള്ള ബോധവൽക്കരണ പരിപാടികൾക്കപ്പുറത്ത് ഫലപ്രദമായ പ്രായോഗിക നടപടികൾ കാര്യമായി ഉണ്ടായിട്ടില്ല. ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പേരിൽ കോടികൾ ചിലവിടുന്നതല്ലാതെ എത്ര മദ്യപാന രോഗികൾക്ക് ‘വിമുക്തി’യുടെ ഗുണം കിട്ടി എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണ്ടതുണ്ട്.

മദ്യവിൽപനക്കും മദ്യവ്യാപനത്തിനും മുൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മുഴുവൻ കാറ്റിൽ പറത്തി കേരളത്തിൽ മദ്യം ഒഴുക്കിയ എൽ.ഡി.എഫ് സർക്കാരാണ് സംസ്ഥാനത്ത് മദ്യാസക്തി ഇത്രയധികം വർധിച്ചതിന് ഉത്തരവാദി. അതു കൊണ്ടു തന്നെ, അതിന് ശാസ്ത്രീയമായ പരിഹാരം ഒരുക്കേണ്ടതും സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. മദ്യാസക്തി മൂലമുള്ള അസുഖങ്ങൾക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡി-അഡിക്ഷൻ സെന്‍ററുകളിൽ സർക്കാർ ചിലവിൽ ചികിത്സ ഏർപ്പെടുത്തണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.