മലയാളി നേഴ്സും കുട്ടികളും കൊല്ലപ്പെട്ട സംഭവം; ഭർത്താവ് സാജുവിനെ കോടതിയിൽ ഹാജരാക്കി; മ്യതദേഹം നാട്ടിൽ എത്തിക്കാൻ കൈകോർത്ത് ബ്രിട്ടനിലെ മലയാളി സമൂഹം

Jaihind Webdesk
Tuesday, December 20, 2022

യുകെയില്‍ മലയാളി നേഴ്സും കുട്ടികളും കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കണ്ണൂർ സ്വദേശി സാജുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി. യുകെ നോർത്താംപ്ടൺ ക്രൗൺ കോടതിയിലാണ് ഇന്നലെ ഇയാളെ ഹാജരാക്കിയത്. ഈ മാസം പതിനാറാം തീയതി ആയിരുന്നു യുകെ കേറ്ററിംഗറിലെ വീട്ടിൽ മലയാളി നേഴ്സ് അജ്ഞുവും മക്കളായ ജാൻവി, ജീവ എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത അന്വേഷണം ആരംഭിച്ച യുകെ പോലീസ് അഞ്ചുവിന്റെ ഭർത്താവ് സാജുവിനെ അറസ്റ്റ് ചെയ്തിരുന്നു. മൂവരെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതിനെ തുടർന്നാണ് സാജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സാജുവിനെ ബുധനാഴ്ച (ഡിസംബർ 21) നോർത്താംപ്ടൺ ക്രൗൺ കോടതിയിൽ വീണ്ടും ഹാജരാകും.

അതേസമയം അജ്ഞുവിന്‍റെയും കുട്ടികളുടെയും മ്യതദേഹം നാട്ടിൽ എത്തിക്കാൻ കൈകോർത്ത് ബ്രിട്ടനിലെ മലയാളി സമൂഹം. അഞ്ജു അശോകിന്‍റെയും (40), മക്കൾ ജീവ (6), ജാൻവി (4) എന്നിവരുടെയും ഭൗതികശരീരങ്ങൾ നാട്ടിൽ എത്തിക്കുന്നതിനും അഞ്ജുവിന്‍റെ നിർധനരായ കുടുംബത്തെ സഹായിക്കുന്നതിനും  യുക്‌മ ചാരിറ്റി ഫൌണ്ടേഷൻ, കെറ്ററിംഗ് മലയാളി വെൽഫയർ അസ്സോസ്സിയേഷന്‍റെ സഹകരണത്തോടെ ഒരു ഫണ്ട്‌ ശേഖരണം ആരംഭിച്ചിരിക്കുകയാണ് . 30 ലക്ഷത്തോളം രൂപയാണ്  മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ആവശ്യമായി വരുന്നത്.  ഇതിനായുള്ള ശ്രമത്തിലാണ് യുകെയിലെ മലയാളി സമൂഹവും  ബന്ധപ്പെട്ട അധികൃതരും.