സംസ്ഥാന സർക്കാരിനു തെറ്റുപറ്റി, പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു : മാധവ് ഗാഡ്ഗിൽ

Jaihind News Bureau
Tuesday, August 13, 2019

പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ചയാണ് കേരളത്തിൽ വീണ്ടും പ്രളയ, ഉരുൾപൊട്ടൽ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് പ്രൊഫസര്‍ മാധവ് ഗാഡ്ഗിൽ. പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിനു തെറ്റുപറ്റിയെന്നും ഭൂവിനിയോഗത്തിലെ പാളിച്ചകള്‍ രൂക്ഷമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെയും വെള്ളത്തിന്‍റെയും വിനിയോഗത്തിൽ സര്‍ക്കാര്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെന്നും ഒരു വിഭാഗത്തിന്‍റെ താൽപര്യം സംരക്ഷിക്കാനായി പൊതുസമൂഹത്തിന്‍റെയും പരിസ്ഥിതിയുടെയും ഭാവി സർക്കാർ മറന്നുവെന്നും ഗാഡ്ഗിൽ കുറ്റപ്പെടുത്തി.

പരിസ്ഥിതി സംരക്ഷണത്തിനു പുതിയ നിയമങ്ങളൊന്നും വേണ്ടെന്നും നിലവിലുള്ള നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് സർക്കാർ ഉറപ്പാക്കിയാല്‍ മാത്രം മതിയാകുമെന്നും ഗാഡ്ഗില്‍ പറഞ്ഞു. പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകണമെന്നും ഗാഡ്ഗിൽ ആവശ്യപ്പെട്ടു. വലിയ ക്വാറികൾക്ക് ഇപ്പോഴും നിയന്ത്രണമില്ലാതെ ലൈസൻസ് നൽകുന്നുണ്ട്. ഇത്തരം നടപടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.