ബംഗളുരു : വിമത എം.എല്‍.എമാരെ കാണാന്‍ ബംഗളുരുവിലെത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരായ കർണാടക പൊലീസ് നടപടിയില്‍ പ്രതികരണവുമായി കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡി.കെ ശിവകുമാർ. കര്‍ണാടകയില്‍ ബി.ജെ.പി അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും എങ്ങനെ നേരിടണമെന്ന് അറിയാമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
‘ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. ഈ അവസ്ഥയെ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ക്കറിയാം. അദ്ദേഹം ഒറ്റയ്ക്കല്ല. ഞാന്‍ ഇവിടെയുണ്ട്. എനിക്കറിയാം അദ്ദേഹത്തെ എങ്ങനെ പിന്തുണയ്ക്കണമെന്ന്. പക്ഷേ, ക്രമസമാധാനം തകര്‍ക്കുന്ന ഒന്നും തന്നെ ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ല’ – ഡി.കെ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എല്‍.എമാരെ കാണാനെത്തിയ ദിഗ് വിജയ് സിംഗിനെ കര്‍ണാടക പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്ന ദിഗ് വിജയ് സിംഗിനെയും ഡി.കെ ശിവകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എല്‍.എമാരെ ബന്ദിയാക്കുകയാണ് ബി.ജെ.പിക്ക് വേണ്ടത്. പരസ്യമായാണ് താന്‍ അവരെ കാണാനെത്തിയത്. ബി.ജെ.പി ജനാധിപത്യത്തെ ചതിച്ചുകൊണ്ടിരിക്കുകയാണെന്നും ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. ബി.ജെ.പിയുടെ ജനാധിപത്യ രീതി അനുസരിച്ച് എം.എല്‍.എമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും സംസാരിക്കാനുമുള്ള അനുവാദമില്ലെന്നും അദ്ദേഹം പരിഹസിച്ചു.