കട്ടപ്പനയെ കടലാക്കി ഡീന്‍ കുര്യാക്കോസിന്റെ റോഡ് ഷോയും യുവജന സംഗവമവും

Jaihind Webdesk
Wednesday, April 3, 2019

കട്ടപ്പന: തെരഞ്ഞെടുപ്പ് രംഗത്ത് വേറിട്ട മുഖമായി ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. ആയിരങ്ങള്‍ പങ്കെടുത്ത റോഡ് ഷോയും യുവജന സംഗമവുമായാണ് ഇന്നലെ കട്ടപ്പനയില്‍ തന്റെ വിജയത്തിനായി അഭ്യര്‍ത്ഥിച്ചത്.

ഐക്യജനാധിപത്യ മുന്നണിയുടെ യുവജന സംഘടനകളുടെ കൂട്ടായ്മയായ യു. ഡി. വൈ. എഫ് ജില്ലാ കമ്മിറ്റിയാണ് അണികളില്‍ ആവേശം ആളിക്കത്തിച്ച് റോഡ് ഷോ ഒരുക്കിയത്. സ്ഥാനാര്‍ഥി ഡീന്‍ കുര്യക്കോസും യു. ഡി. എഫ് നേതാക്കളുമായി പള്ളിക്കവല സി. എസ്. ഐ ഗാര്‍ഡനില്‍നിന്നാരംഭിച്ച റോഡ് ഷോയില്‍ മുഴുവന്‍ പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയുടെ ചിത്രവും കൈ ചിഹ്നവും ആലേഖനം ചെയ്ത മൂവര്‍ണക്കൊടി ധരിച്ച് ഡീന്‍ കുര്യാക്കോസിന്റെ ചിത്രവുമേന്തിയാണ് പങ്കാളികളായത്. ടൗണിലൂടെ ബസ് സ്റ്റാന്‍ഡ് പരിസരവും ചുറ്റി പൊലിസ് ക്വാര്‍ട്ടേഴ്‌സ് വഴി പള്ളിക്കവലയിലെത്തിയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. പര്യടന വഴിയിലുടനീളം ജനങ്ങള്‍ സ്ഥാനാര്‍ഥിയെ കാണാന്‍ കാത്തുനിന്നിരുന്നു.
വോട്ടര്‍മാരെ കൈവീശി അഭിവാദ്യം ചെയ്തും പരിചയം പുതുക്കിയും ഡീന്‍ കുര്യാക്കോസ് സഹായം അഭ്യര്‍ഥിച്ചു. ഡീന്‍ കുര്യാക്കോസിന്റെ ചുരുക്കപ്പേരായി ഡി.കെ എന്ന പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങളില്‍ ടൗണ്‍ ശബ്ദമുഖരിതമായി.

നേരത്തെ ഡി. സി. സി മുന്‍ പ്രസിഡന്റും ഇടുക്കി എം. പിയുമായിരുന്ന പി. ടി തോമസ് യുവജന സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിയ ഡീന്‍ കുര്യാക്കോസ് അക്കാദമിക് നിലവാരത്തിലും ഔന്നിത്യം കാത്തുസൂക്ഷിച്ചാണ് മുന്നേറുന്നതെന്നു പി. ടി ചൂണ്ടിക്കാട്ടി. എം. ജി യൂണിവേഴ്‌സിറ്റിയില്‍നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ഡീന്‍ കേന്ദ്രസര്‍വകലാശാലയില്‍ ഡോക്ടറേറ്റ് ചെയ്യുകയാണെന്നും തെരഞ്ഞെടുപ്പിനു മുമ്പോ, തൊട്ടു പിന്നാലെയോ ഡോക്ടറേറ്റ് കരസ്ഥമാക്കുന്നതു യുവതലമുറ മാതൃകയാക്കണമെന്നും പി. ടി തോമസ് പറഞ്ഞത് കരഘോഷത്തോടെയാണ് സദസ് വരവേറ്റത്. ശരത്‌ലാലും കൃപേഷും ഷുഹൈബും അരിയില്‍ ഷുക്കൂറും ഫസലും അടക്കമുള്ളവരെ അതിക്രൂരമായി കൊലപ്പെടുത്തിയ സി. പി. എമ്മിന്റെയും അവരെ പിന്തുണക്കുന്നവരുടെയും സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുംവരെ വിശ്രമമില്ലെന്ന പി. ടി തോമസ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലിയാണ് സംഗമം സമാപിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ബിജോ മാണി അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. എം. ജെ ജേക്കബ്, അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍, റോഷി അഗസ്റ്റിന്‍ എംഎല്‍എ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ. എസ് സിയാദ്, കെ. എസ്. യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, മുന്‍ ചെയര്‍മാന്‍ മനോജ് എം. തോമസ്, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ ജോണി ചീരാംകുന്നേല്‍, യു.ഡി.എഫ് നേതാക്കളായ ടി. എസ് ബേബി, എം. ഡി അര്‍ജുനന്‍, അരുണ്‍ പൊടിപാറ, മനോജ് മുരളി, സിബി പാറപ്പായി, ആര്‍ ഗണേശന്‍, ടി. കെ നവാസ്, ഷിജോ തടത്തില്‍, മുകേഷ് മോഹന്‍, പ്രശാന്ത് രാജു, ജോഷി മണിമല, ബിജു നെടുംചേരി, റോബിന്‍ കാരക്കാട്ടില്‍, കെ. എസ് അരുണ്‍, ജോമറ്റ്, വി. എം റസാഖ്, ഇ. എ. എം അമീന്‍, പി. എം നിസാമുദീന്‍, അഷറഫ് കാളിയാര്‍, ഫൈസല്‍ കിണറ്റിന്‍കര, നൗഫല്‍ കട്ടപ്പന, കെ. എസ് സജീവ്, ഹബീബ് പെരിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.