ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ 6 മണിക്ക് തുറക്കും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം, വിനോദസഞ്ചാരത്തിന് നിയന്ത്രണം

Jaihind Webdesk
Monday, December 6, 2021

 

ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ ആറു മണിക്കു തുറക്കും. 40 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നാണ് അറിയിപ്പ്. ചെറുതോണി അണക്കെട്ടിന്‍റെ മൂന്നാം നമ്പർ ഷട്ടർ 40 മുതൽ 150 സെന്‍റിമീറ്റർ വരെ ഉയർത്തുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

പൊതുജനം അതീവ ജാഗ്രത പാലിക്കണം വിനോദസഞ്ചാരത്തിന് നിയന്ത്രണം

ചെറുതോണി ടൗൺ മുതൽ പെരിയാറിനെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചിരിക്കുന്നു. ഈ സ്ഥലങ്ങളിലെ പുഴകളിൽ മീൻപിടുത്തം നിരോധിച്ചു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കുക. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പൊലീസിന്‍റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാത്രം ചിത്രീകരണം നടത്തണം. പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

മുല്ലപ്പെരിയാർ ഡാമിൽനിന്ന് വൻ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കാൻ തുടങ്ങിയതോടെ വള്ളക്കടവിൽ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സെക്കൻഡിൽ‌ 12,654 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തുറന്നുവിടുന്നത്. 9 ഷട്ടറുകൾ 120 സെന്‍റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.