കീവ്: റഷ്യൻ സൈനിക ആക്രമണത്തിന് മുമ്പിൽ കീഴടങ്ങില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി. പ്രസിഡന്റിന്റെ ഓഫീസിന് പുറത്തു നിന്നും രാജ്യത്തോട് നടത്തിയ ടെലിവിഷൻ അഭിസംബോധനയിലാണ് സെലൻസ്കി ഉറച്ച നിലപാട് വ്യക്തമാക്കിയത്. രാജ്യംവിടാൻ സഹായിക്കാമെന്ന യു.എസ് വാഗ്ദാനം അദ്ദേഹം നിരസിച്ചു. ഇപ്പോൾ പടക്കോപ്പുകളാണ് തനിക്ക് വേണ്ടതെന്നും യാത്രയല്ലെന്നും സെലൻസ്കി പ്രതികരിച്ചു. യുക്രൈൻ സൈന്യം കീഴടങ്ങിയെന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
താൻ യുക്രൈൻ വിട്ടിട്ടില്ലെന്നും രക്ഷപ്പെടാനായി എവിടേക്കും ഒരു രാജ്യത്തേക്കും പോയിട്ടില്ലെന്ന് വികാരപരമായി പ്രതികരിച്ചാണ് സെലെൻസ്കി രാജ്യത്തെ അഭിസംബോധന ചെയ്തത്. തലസ്ഥാന നഗരിയായ കീവിലെ തന്റെ ഓഫീസിൽ നിന്നല്ലാതെ മറ്റൊരു സ്ഥലത്തുനിന്നാണ് സെലെൻസ്കി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹവും കുടുംബവും യുക്രെയ്നിൽ തന്നെ തുടരുകയാണെന്നും റഷ്യയുടെ ആദ്യ ലക്ഷ്യം താനാണെന്നും സെലെൻസ്കി പറഞ്ഞു. ആയുധങ്ങൾ ഒരു കാരണവശാലും താഴെ വെക്കാൻ ആലോചിക്കുന്നില്ലെന്നും ആയുധങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ സത്യമെന്നും സെലെൻസ്കി വികാരാധീനനായി പറഞ്ഞു. ഒരു കാരണവശാലും കീഴടങ്ങാനോ രാജ്യം വിടാനോ ആലോചിക്കുന്നില്ലെന്നും യുക്രെയ്നിലെ ജനങ്ങളോട് പ്രസിഡന്റ് വ്യക്തമാക്കി.
അതിനിടെ യുക്രെയ്ന് സൈനിക സഹായങ്ങൾക്കായി അമേരിക്ക 600 മില്യൻ ഡോളർ അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ടു. പ്രതിരോധ മന്ത്രാലയത്തിനു വേണ്ടി 350 മില്യൻ ഡോളർ കൂടി അനുവദിച്ചിട്ടുണ്ട്. യുക്രെയ്ന് തലസ്ഥാനമായ കീവിൽ റഷ്യൻ വ്യോമസേന തുടർച്ചയായി വ്യോമാക്രമണം നടത്തുകയാണ്. ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ശക്തമായ ആക്രണം അഴിച്ചു വിടുന്നത്. രാത്രിയോടെ കീവിലെ നഗര പ്രദേശങ്ങളിലുള്ളവരെല്ലാം സുരക്ഷിത താവളങ്ങളിലേക്ക് മാറി. സൂമി, പോൾവ, മാരിപൂൾ എന്നിവിടങ്ങളിലാണ് റഷ്യൻ സൈന്യം ശക്തമായ ആക്രമണം നടത്തുന്നത്. കീവിലെ സൈനീക താവളത്തിൽ നടത്തിയ റഷ്യൻ ആക്രമണത്തെ യുക്രൈൻ സൈന്യം ചെറുത്തതായി പ്രതിരോധ മന്ത്രാലയം ഫേസ്ബുക്കിൽ കുറിച്ചു. അതിനിടെ റഷ്യൻ ആക്രമണത്തെ അനുകൂലിക്കുന്ന അയൽരാജ്യമായ ബെലാറസിനെതിരേ ജപ്പാനും സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ ശ്രമം തുടങ്ങി.