ട്വിറ്റര്‍ വിശദാംശങ്ങളില്‍ മാറ്റം വരുത്തിയതിന് പിന്നാലെ ഉയർന്ന വിവാദങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി ജ്യോതിരാദിത്യ സിന്ധ്യ. താന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അച്ഛന്‍റെ അതേ രക്തമാണ് തന്‍റെ സിരകളിലുള്ളതെന്നും പറഞ്ഞ ജ്യോതിരാദിത്യ, ബി.ജെ.പിയില്‍ ചേരുമെന്ന പ്രചരണങ്ങളും തള്ളി.
ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തിയതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ വ്യാപകമായ പ്രചരണങ്ങളാണ് ഉയർന്നത്. ‘മുന്‍ കേന്ദ്ര മന്ത്രി, ഗുണയില്‍ നിന്നുള്ള മുന്‍ പാർലമെന്‍റ് അംഗം’ എന്ന ട്വിറ്റര്‍ സ്റ്റാറ്റസ് മാറ്റി ‘പൊതുപ്രവര്‍ത്തകന്‍, ക്രിക്കറ്റ് പ്രേമി’ എന്നാക്കിയതിന് പിന്നാലെയാണ് വ്യാജപ്രചാരണങ്ങള്‍ കൊഴുത്തത്. ജ്യോതിരാദിത്യസിന്ധ്യ ബി.ജെ.പിയിലേക്ക് പോകുകയാണെന്ന തരത്തില്‍ പോലും പ്രചരണം ഉണ്ടായി. എന്നാല്‍ ഇതിന് കൃത്യമായ മറുപടിയുമായി ജ്യോതിരാദിത്യ തന്നെ രംഗത്തെത്തിയതോടെ വ്യാജപ്രചരണങ്ങളുടെ മുനയൊടിഞ്ഞു. ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തിയാല്‍ പാര്‍ട്ടി വിടുക എന്ന് അര്‍ത്ഥമില്ലെന്നും ജ്യോതിരാദിത്യ അര്‍ധശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കി.
‘ട്വിറ്റര്‍ സ്റ്റാറ്റസ് ലളിതവും ഹ്രസ്വവുമാക്കാന്‍ വേണ്ടി ഏകദേശം ഒരുമാസം മുമ്പ് വരുത്തിയ മാറ്റമാണിത്. ഇതിന് മറ്റ് തരത്തില്‍ വ്യാഖ്യാനങ്ങള്‍ നല്‍കുന്നവരോട് സഹതാപം മാത്രമാണുള്ളത്. ഞാന്‍ ഒരു കോണ്‍ഗ്രസ് പ്രവർത്തകനാണ്. എന്‍റെ അച്ഛന്‍ മാധവറാവു സിന്ധ്യയുടെ അതേ രക്തമാണ് എന്‍റെ സിരകളിലുമുള്ളത്. എന്‍റെ 17 വർഷത്തെ പൊതുപ്രവര്‍ത്തനത്തിനിടെ ഒരു പദവികള്‍ക്കും പിന്നാലെ പോയിട്ടില്ല’ – ജ്യോതിരാദിത്യ വ്യക്തമാക്കി.
തന്‍റെ ട്വിറ്റര്‍ സ്റ്റാറ്റസിന്‍റെ പേരില്‍ ചിലര്‍ കഥകള്‍ മെനയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Ridiculous commotion over a twitter profile change done almost a month ago!
— Jyotiraditya M. Scindia (मोदी का परिवार) (@JM_Scindia) November 25, 2019