ബിഹാറില്‍ വീണ്ടും ചരിത്രമുഹൂര്‍ത്തം. കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന റാലി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. ‘കുടിയേറ്റം നിര്‍ത്തുക, ജോലി നല്‍കുക’ എന്ന മുദ്രാവാക്യവുമായ മാര്‍ച്ച് ആരംഭിച്ചത് ബെഗുസരായില്‍ നിന്നാണ്. വന്‍ യുവജന പങ്കാളിത്തമാണ് റാലിയ്ക്ക് ഉണ്ടായിരിക്കുന്നത്. സുഭാഷ് ചൗക്കില്‍ എത്തിയ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ചു. എല്ലാവരും വെള്ള ടീ-ഷര്‍ട്ടുകള്‍ ധരിച്ചാണ് റാലിയില്‍ പങ്കെടുക്കുന്നത്.
‘കുടിയേറ്റം നിര്‍ത്തുക, തൊഴില്‍ നല്‍കുക യാത്ര’ യില്‍ പങ്കുചേരാന്‍ രാഹുല്‍ ഗാന്ധി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബിഹാറിലെ തൊഴില്‍, വിദ്യാഭ്യാസം, വികസനം തുടങ്ങിയവ ആവശ്യപ്പെട്ടുള്ള ബഹുജന മുന്നേറ്റമാണിത്. ഈ യാത്രയില്‍ എല്ലാവരും കോണ്‍ഗ്രസിനൊപ്പം ചേരണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പദയാത്രയില്‍ രാഹൂല്‍ഗാന്ധിയെത്തിയതോടെ പ്രവര്‍ത്തകരും ആവേശത്തിലാണ്. ബഗുസാരെയിലെ ഐടിഐ ഗ്രൗണ്ടില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത് . ഇവിടെ നിന്ന് പന്‍ഹാസ് ചൗക്ക് ബൈപാസ് വഴി സുഭാഷ് ചൗക്കിലെ എന്‍എച്ച് 31ല്‍ മാര്‍ച്ച് എത്തിച്ചേരും. കുറച്ചു സമയത്തിനുശേഷം കാപ്‌സ്യയ്ക്ക് സമീപം ഒരു തെരുവ് യോഗവും സംഘടിപ്പിക്കും. ഇവിടുത്തെ പ്രസംഗത്തിനുശേഷം അദ്ദേഹം പട്‌നയിലേക്ക് പോകും. ഇവിടെ രാഹുല്‍ ഗാന്ധി രണ്ട് പരിപാടികളില്‍ പങ്കെടുക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വൈകുന്നേരം അദ്ദേഹം ശ്രീകൃഷ്ണ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ഭരണഘടനാ സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുക്കും.