
ലഖ്നൗ: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ടീം ഉടമ ഷാരൂഖ് ഖാനെതിരെ വിദ്വേഷ പരാമര്‍ശവുമായി ഹിന്ദു മഹാസഭ നേതാവ്. ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ മുന്‍ ആഗ്ര ജില്ലാ പ്രസിഡന്റ് മീര താക്കൂര്‍ പ്രഖ്യാപിച്ചു.
ആഗ്രയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മീര താക്കൂറിന്റെ വിവാദ പ്രസ്താവന. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ അവിടുത്തെ താരത്തെ ടീമിലെടുത്തത് അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ പറഞ്ഞു. ഷാരൂഖ് ഖാന്റെ പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ചും ചെരിപ്പുകൊണ്ട് അടിച്ചും പ്രതിഷേധക്കാര്‍ രംഗത്തെത്തി.
മുസ്തഫിസൂറിനെ ടീമിലെടുത്തതിന് പിന്നാലെ ഷാരൂഖ് ഖാനെ ‘രാജദ്രോഹി’ എന്ന് വിളിച്ച് ബിജെപി നേതാവ് സംഗീത് സോം നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീവ്ര സ്വഭാവമുള്ള സംഘടനകളില്‍ നിന്ന് വധഭീഷണിക്ക് സമാനമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. ഐപിഎല്‍ താരലേലത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ഷാരൂഖിനെതിരെ ഒരു വിഭാഗം വലിയ തോതില്‍ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്.
ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെ ചില സംഘടനകള്‍ താരത്തെ ടീമിലെടുത്തതിനെ എതിര്‍ക്കുന്നത്. എന്നാല്‍ കായിക മേഖലയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന വാദവും ശക്തമാണ്.