പാര്‍ട്ടി വളര്‍ത്താന്‍ ബി.ജെ.പിയുടെ കുടിലതന്ത്രങ്ങള്‍; സര്‍ക്കാര്‍ ആനുകൂല്യം ലഭിച്ചവര്‍ വീട്ടില്‍ പാര്‍ട്ടി പതാക ഉയര്‍ത്തണം !

Jaihind Webdesk
Tuesday, February 12, 2019

BJP-Campaign

ഹിമാചല്‍പ്രദേശ്: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി രാജ്യവ്യാപകമായി ആരംഭിച്ച ‘എന്‍റെ കുടുംബം ബി.ജെ.പി കുടുംബം’ ക്യാംപെയ്നെതിരെ വ്യാപക പരാതി. ക്യാംപെയ്ന്‍ അടിച്ചേല്‍പിക്കാനുള്ള ബി.ജെ.പി നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.

ബി.ജെ.പി അനുഭാവികളായവര്‍ വീട്ടുമുറ്റത്ത് പാര്‍ട്ടി പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് ക്യാംപെയ്ന്‍. മാര്‍ച്ച് 2 വരെയാണ് ക്യാംപെയ്ന്‍ നീണ്ടുനില്‍ക്കുന്നത്. എന്നാല്‍ പാര്‍ട്ടി അനുഭാവികള്‍ അല്ലാത്തവരും ക്യാംപെയ്ന്‍റെ ഭാഗമാകാന്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ് ഹിമാചല്‍പ്രദേശിലെ സ്ഥിതി. കേന്ദ്രത്തിന്‍റെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ ഏതെങ്കിലും പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരെല്ലാം വീട്ടുമുറ്റത്ത് ബി.ജെ.പിയുടെ കൊടി ഉയര്‍ത്തണമെന്നാണ് ഹിമാചലിലെ അവസ്ഥ. ഇതനുസരിച്ച് 8.5 ലക്ഷം കുടുംബങ്ങള്‍ ബി.ജെ.പി കൊടി ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബി.ജെ.പിയുടെ ഈ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

“ഹിമാചലില്‍ 8.5 ലക്ഷം കുടുംബങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്‍റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരാണ്. ഇവരെ ക്യാംപെയ്ന്‍റെ ഭാഗമാക്കാന്‍ വരുംദിവസങ്ങളില്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവരെ സമീപിക്കും” – ബി.ജെ.പി  ഹിമാചല്‍ അധ്യക്ഷന്‍ സത്പാല്‍ സിംഗ് വ്യക്തമാക്കി.

“ഇതിനായി ഇവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങളടങ്ങുന്ന ലഘുലേഖകള്‍ വിതരണം ചെയ്യും. ഇവരോടെല്ലാം പാര്‍ട്ടി പതാക വീട്ടുമുറ്റത്ത് ഉയര്‍ത്തണമെന്നും ആവശ്യപ്പെടും” – സത്പാല്‍ തുടര്‍ന്നു.

സര്‍ക്കാര്‍ പദ്ധതികള്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പിയുടെ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെ.പിയുടെ നീക്കം തരംതാഴ്ന്നതും നാണംകേട്ടതുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാര്‍ ഫണ്ടിന്‍റെ ദുര്‍വിനിയോഗമാണിതെന്നും കോണ്‍ഗ്രസ് നേതാവ് മുകേഷ് അഗ്നിഹോത്രി വ്യക്തമാക്കി.