ശബരിമല നട തുറക്കാനിരിക്കെ തികഞ്ഞ ജാഗ്രത; ദർശനത്തിനായി യുവതികൾ എത്തിയാൽ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തേണ്ടെന്ന് തീരുമാനം

Jaihind News Bureau
Saturday, November 16, 2019

Sabarimala-Police

മണ്ഡല പൂജക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കാനിരിക്കെ തികഞ്ഞ ജാഗ്രതയിലാണ് സംസ്ഥാന സർക്കാർ. ശബരിമലയും പരിസരവും ഒരു കാരണവശാലും സംഘർഷഭൂമിയായി മാറുതെന്നാണ് സർക്കാരും ദേവസ്വം ബോർഡും ആഗ്രഹിക്കുന്നത്. ദർശനത്തിനായി യുവതികൾ എത്തിയാൽ അവർക്ക് സംരക്ഷണം നൽകേണ്ടെന്നാണ് സർക്കാർ തീരുമാനം

കഴിഞ്ഞ തവണ ശബരിമലയിൽ യുവതികളെ കയറ്റാൻ കാണിച്ച ആവേശം ഇപ്പോൾ സർക്കാരിനില്ല. ദർശനത്തിനായി യുവതികൾ എത്തരുതെന്ന്‌ മറ്റ് ആരെക്കാളും സർക്കാരും ദേവസ്വം ബോർഡും ആഗ്രഹിയ്ക്കുന്നു. കഴിഞ്ഞ സീസണിലേതിന് സമാനമായി ശബരിമലയും പരിസരവും സംഘർഷ ഭൂമിയായി മാറാൻ ഒരിക്കലും ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ മണ്ഡലകാലത്തിൽ നിന്ന് സർക്കാർ പാഠം പഠിച്ചു എന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. വളരെ കരുതലോടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം തന്നെ ഇതിന്‍റെ തെളിവാണ്. യുവതികൾ എത്തിയാൽ അവർക്ക് സർക്കാർ സംരക്ഷണം നൽകില്ലെന്ന് പറഞ്ഞ ദേവസ്വം മന്ത്രി ആക്ടിവിസ്റ്റുകൾക്കുള്ള ഇടമല്ല ശബരിമല എന്ന് കൂടി വ്യക്തമാക്കി കഴിഞ്ഞു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് കൊണ്ട് നേരത്ത പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും തിടുക്കപ്പെട്ട് യുവതികളെ ശബരിമയിൽ കയറ്റേണ്ടെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. വിധിയിലെ പല കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നു. വിശദമായ പരിശോധന ഇക്കാര്യത്തിൽ ആവശ്യമാണ്. കൂടുതൽ വ്യക്തത വരുത്തിയശേഷം തുടർ നടപടികൾ മതിയെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. അഡ്വക്കേറ്റ് ജനറലും സമാനമായ നിയമോപദേശം തന്നെയാണ് സർക്കാരിന് നൽകിയിരിക്കുന്നത്.കഴിഞ്ഞ മണ്ഡല കാലത്തെ നടപടികൾ വിവാദമായ സാഹചര്യത്തിൽ ഇത്തവണ കരുതലോടെയാണ് സർക്കാർ നീങ്ങുന്നത്.

യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലാത്ത സാഹചര്യത്തിൽ ആക്ടിവിസ്റ്റുകൾ അടക്കം എത്താനുള്ള സാധ്യത സർക്കാർ മുന്നിൽ കാണുന്നുണ്ട്. നിരവധി യുവതികൾ ഇതിനകം ദർശനത്തിന് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

എന്നാൽ ദർശനത്തിനായി എത്തുന്നവരെ പമ്പയിൽ തടയാനാണ് തീരുമാനം.വിധിയിൽ സങ്കീർണയുണ്ടെന്നും കൂടുൽ വ്യക്തത ആവശ്യമാണെന്നും ദർശനത്തിനെത്തുന്നവരെ പൊലീസ് അറിയിക്കും. ഒരു തരത്തിലും സംഘർഷങ്ങൾ ഉണ്ടാകരുതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം.

ദർശനത്തിനു യുവതികളെത്തിയാൽ തടയുമെന്ന നിലപാടിലാണ് ബിജെപിയെയും മറ്റ് സംഘ പരിവാർ സംഘടനകളും. അതു കൊണ്ട് തന്നെ ക്രമസമാധാന പ്രശ്‌നമാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി.