നോക്ക്കൂലി വാങ്ങുന്നവർക്കെതിരെ കേസെടുക്കണം : കർശന നിർദേശവുമായി ഹൈക്കോടതി

Jaihind Webdesk
Tuesday, November 23, 2021

Kerala-High-Court

കൊച്ചി :  നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂണിയനുകൾക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഈ ഹരജി പരിഗണിച്ച് കോടതി നേരത്തെയും കർശനമായ നിർദേശങ്ങൾ നൽകിയിരുന്നു. നോക്കുകൂലി എന്ന വാക്ക് സംസ്ഥാനത്ത് കേൾക്കരുതെന്നാണ് മൂന്ന് ആഴ്ച മുൻപ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയത്. ഇതേ ഹരജി വീണ്ടും പരിഗണിക്കവെയാണ് ഡിജിപിയോട് ഇക്കാര്യത്തിൽ സർക്കുലർ ഇറക്കണമെന്ന് കോടതി നിർദേശിച്ചത്. നോക്കുകൂലി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനിലേക്കും നിർദേശം നൽകണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. നിയമഭേദഗതി സംബന്ധിച്ച പുരോഗതി അറിയിക്കാനും കോടതി നിർദേശിച്ചു.

നോക്കുകൂലി പ്രത്യക്ഷമായോ പരോക്ഷമായോ വാങ്ങാനുള്ള ഏത് ശ്രമത്തെയും ഭീഷണിപ്പെടുത്തി പണംവാങ്ങലായി പരിഗണിക്കണമെന്നായിരുന്നു ഈ മാസം തുടക്കത്തിൽ അറിയിച്ചത്. നോക്കുകൂലി വാങ്ങുന്നവർക്കെതിരെ കർശനവ്യവസ്ഥകൾ പ്രകാരം ഗുരുതരകുറ്റത്തിന് കേസെടുക്കണമെന്നും കോടതി നിർദേശം നൽകി. ഇക്കാര്യത്തിൽ പൊലീസിനാണ് ബോധവൽക്കരണം നൽകേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.