നിരവധി സൗജന്യ പദ്ധതികളുമായി ഹൈബി ഈഡന്‍ എംപിയുടെ മെഡിക്കല്‍ ക്യാമ്പ്; ‘സൗഖ്യം’ ഡിസംബർ 11 ന്‌

Jaihind Webdesk
Saturday, December 3, 2022

 

കൊച്ചി: എറണാകുളം പാർലമെന്‍റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി നടപ്പിലാക്കുന്ന സൗഖ്യം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ നിരവധി സൗജന്യ പദ്ധതികൾ. ഡിസംബർ 11 ന്‌ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇന്ദിരാ ഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിലുമായാണ്‌ സൗഖ്യം നടപ്പിലാക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിൻ ബ്രാഞ്ചുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലാ ആരോഗ്യ വിഭാഗത്തിന്‍റെയും നാഷണൽ ഹെൽത്ത് മിഷന്‍റെയും പരിപൂർണ്ണ പിന്തുണ പദ്ധതിക്ക് ഉണ്ടെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. കളമശേരി ഗവ. മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ഹോസ്പിറ്റൽ അടക്കം സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളുമായി ആകെ 34 ആശുപത്രികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ടെന്ന് ഹൈബി ഈഡൻ പറഞ്ഞു. പൂർണ്ണമായും ശീതികരിച്ച ഏരിയയിലാണ്‌ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. എല്ലാ സ്പെഷ്യാലിറ്റികളിൽ നിന്നും സൂപ്പർ സ്പെഷ്യാലിറ്റികളിൽ നിന്നുമുള്ള ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്‌. രോഗ നിർണ്ണയത്തിനൊപ്പം പരമാവധി സൗജന്യ തുടർ ചികിൽസയ്ക്കും പ്രാധാന്യം നല്‍കുന്ന മെഡിക്കൽ ക്യാമ്പാണ്‌ സൗഖ്യം.

എറണാകുളം പാർലമെന്‍റ് മണ്ഡലത്തിലുള്ള 500 രോഗികൾക്ക് 24 ഡയാലിസിസ് വീതം 12000 ഡയാലിസിസ് സൗഖ്യത്തിന്‍റെ ഭാഗമായി സൗജന്യമായി നല്‍കും. 18 വയസിൽ താഴെയുള്ള കുട്ടികളുടെ ലിവർ, കിഡ്നി, ബോൺ മാരോ ട്രാൻസ്പ്ലാന്‍റേഷനുകൾ, ഹൃദയ ശസ്ത്രക്രിയകൾ അടക്കം നിരവധി ശസ്ത്രക്രിയകൾ സൗജന്യ തുടർ ചികിത്സയുടെ ഭാഗമായി ചെയ്തു നല്‍കും. നേത്ര രോഗ വിഭാഗത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയ സൗജന്യ കണ്ണട എന്നിവയ്ക്ക് പുറമെ ഗ്ളോക്കോമ സർവീസുകൾ, പീഡിയാട്രിക് ഒഫ്താല്‍മോളജി, റെറ്റിനൽ എക്സാമിനേഷൻ, കോർണിയ സർവീസുകൾ എന്നീ സൗകര്യങ്ങൾ കൂടി ക്യാമ്പിലുണ്ടാകും. ഇന്ത്യയിലെ മികച്ച ഹോസ്പിറ്റലുകളാണ്‌ നേത്ര രോഗ വിഭാഗത്തിനെത്തുന്നത്. നേത്ര രോഗ വിഭാഗത്തിന്‌ മാത്രമായി ഇന്ദിരാ ഗാന്ധി കോ ഒപ്പറേറ്റീവ് ഹോസ്പിറ്റലിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിൽ പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള ശീതീകരിച്ച പന്തലാണ്‌ ഒരുക്കുന്നത്.

ക്യാമ്പിൽ ഇസിജി, എക്കോ കാർഡിയോഗ്രാം, പിഎഫ്ടി, ലാബ് ടെസ്റ്റുകൾ എന്നിവ ഉണ്ടാകും. ക്യാൻസർ രോഗ നിർണ്ണയത്തിന്‌ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കേൾവി ശക്തി പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. വിവിധ രോഗ നിർണ്ണയങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ച വാഹനങ്ങളും ക്യാമ്പിൽ ഉണ്ടാകും. 5 മുതൽ 12 വയസു വരെയുള്ള കുട്ടികൾക്ക് വേണ്ടി ഹൈപ്പർ ആക്ടിവിറ്റി ക്ലിനിക്കിന്‍റെ സേവനം ക്യാമ്പിലുണ്ടാകും.പീഡിയാട്രിക് സൂപ്പർ സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. രോഗികൾക്കാവശ്യമായ മരുന്ന് ലഭ്യമാക്കുനന്തിനുള്ള ഫാർമസി സൗകര്യം ഏർപ്പെടുത്തുന്നുണ്ട്.

സൗഖ്യം മെഡിക്കൽ ക്യാമ്പിന്‍റെ രജിസ്ട്രേഷൻ എറണാകുളം പാർലമെന്‍റ് മണ്ഡലത്തിൽ പുരോഗമിച്ച് വരികയാണ്‌. ഗൂഗിൾ ഫോ വഴിയും തദ്ദേശ സ്വയം ഭരണ സ്ഥപന ജനപ്രതിനിധികൾ വഴിയെല്ലാം ക്യാമ്പിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്‌. കൂടാതെ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്‌. വിവിധ ഹോസ്പിറ്റലുകളിൽ നിന്നായി 300 ൽ അധികം ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്‍റെയും സേവനം ക്യാമ്പിൽ ലഭ്യമാകും. സന്നദ്ധ സേവനത്തിന്‌ തയാറായ നൂറിലധികം വൊളന്‍റിയേഴ്സിന്‌ പരിശീലനം നല്‍കി വരികയാണ്‌.

പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. എറണാകുളം പാർലമെന്‍റ് മണ്ഡലത്തിലെ ജനങ്ങൾ ക്യാമ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഹൈബി ഈഡൻ എം.പി അഭ്യർത്ഥിച്ചു. ക്യാമ്പിനെ സംബന്ധിച്ച വിശദവിവരങ്ങൾക്ക് 9447001234 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌.