വിദ്യാർത്ഥി ജീവിതത്തിലെ ഓരോ വിദ്യാർത്ഥിയുടെയും ദൗത്യം പഠനം വിജയകരമായും മാതൃകാപരമായും പൂർത്തിയാക്കുക എന്നതാണെന്ന് നടൻ പൃഥ്വിരാജ്.
വിദ്യാർത്ഥി ജീവിതത്തിലെ ഓരോ വിദ്യാർത്ഥിയുടെയും ദൗത്യം പഠനം വിജയകരമായും മാതൃകാപരമായും പൂർത്തിയാക്കുക എന്നതാണെന്ന് നടൻ പൃഥ്വിരാജ്. എറണാകുളം പാർലമെന്റ് നിയോജകമണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ഹൈബി ഈഡൻ എം.പി സംഘടിപ്പിച്ച എം.പി അവാർഡ് 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിജയം നേടുക എന്നത് വിദ്യാർത്ഥി ജീവിതത്തിലെ ഒരു ദൗത്യമാണെന്നും ആത്മാർത്ഥമായ പരിശ്രമത്തിലൂടെ ദൗത്യം വിജയകരമായി പൂർത്തിയാക്കാനായവർക്ക്, വരുംകാല ജീവിതത്തിന്റെ ദൗത്യങ്ങളും വിജയകരമായും ശുഭകരമായും പൂർത്തികരിക്കാനാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. കാലം അവശ്യപ്പെടുന്ന മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിലുണ്ടാകണമെന്നും, പുതിയ കാലം വിദ്യാർത്ഥികൾക്കു മുൻപിൽ തുറന്നിട്ടിരിക്കുന്ന സാദ്ധ്യതകളെക്കുറിച്ച് തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും കാലത്തിന് വന്ന മാറ്റത്തെക്കുറിച്ചും രക്ഷകർത്താക്കൾ നന്നായി മനസിലാക്കേണ്ടതുണ്ട്. വിദ്യാർത്ഥിയായിരുന്ന കാലത്ത് സിനിമ അഭിനയത്തോട് തോന്നിയ അഭിനിവേശത്തെ തന്റെ അമ്മ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിൽ ഇന്ന് പൃഥ്വിരാജ് എന്നൊരു നടൻ ഉണ്ടാകില്ലായിരുന്നു. സിനിമയോടുള്ള തന്റെ അഭിനിവേശത്തെ തിരിച്ചറിഞ്ഞ തന്റെ അമ്മ, താനെന്ന സിനിമ നടന് തടസം നിന്നില്ല എന്നതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്നും പൃഥ്വിരാജ് പറഞ്ഞു.
എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ, എയിഡഡ്, അൺ എയിഡഡ് മേഖലയിലെ 189 സ്കൂളുകളീൽ നിന്നായി 1742 കുട്ടികളാണ് അവാർഡ് ഏറ്റുവാങ്ങാനെത്തിയതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.. നൂറു ശതമാനം വിജയം നേടിയ 69 സ്ക്കൂളുകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
സിവിൽ സർവ്വീസ് പരീക്ഷയിൽ 29-ാം റാങ്ക് നേടിയ കടുങ്ങല്ലൂർ സ്വദേശി ശ്രീലക്ഷ്മി ആർ, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എളമക്കര സ്വദേശി വിഘ്നേഷ് എം നായർ, നാലാമത്തെ വയസിൽ മുഖത്ത് പൊള്ളലേറ്റ് മാരകമായി പരിക്കേറ്റിട്ടും അതിജീവനത്തിന്റെ മാതൃകയായി മാറിയ കളമശ്ശേരി സ്വദേശി ഡോ.ഷാഹിന തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകറും കീബോർഡിസ്റ്റ് നെവിലും ചേർന്നൊരുക്കിയ സംഗീത പരിപാടിയും ഉണ്ടായിരുന്നു.
ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ എസ് സുഹാസ് സ്വാഗതം പറഞ്ഞു. പി.ടി തോമസ് എം.എൽ.എ, ഡെപ്യൂട്ടി മേയർ ടി.ജെ വിനോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, ബി പി സി എൽ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് പണിക്കർ, കൗൺസിലർ ഗ്രേസി ബാബു ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു