എറണാകുളത്ത് ആറ് കനാലുകളുടെ നവീകരണത്തിനായി 27.44 കോടി രൂപ : ഹൈബി ഈഡന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി

Jaihind News Bureau
Thursday, December 5, 2019

Hibi-Eden

അമൃത് പദ്ധതിക്ക് കീഴിൽ ആകെ 27.44 കോടി രൂപ ചെലവിൽ എറണാകുളത്ത് ആറ്‌ കനാലുകളിലെ ചെളി നീക്കാനും പാർശ്വഭിത്തി നിർമ്മിക്കാനും നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര നഗരകാര്യ വകുപ്പ് സഹമന്ത്രി ഹർദീപ് സിംഗ്പുരി ലോക്സഭയിൽ പറഞ്ഞു. എറണാകുളത്തെ കനാൽ നവീകരണപദ്ധതിയെക്കുറിച്ചും കനാൽ പുറമ്പോക്കുകളിൽ താമസിക്കുന്നവരുടെ പുനരധിവാസത്തെക്കുറിച്ചും ഉള്ള ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

1) തേവര മാർക്കറ്റിനും പേരണ്ടൂരിനും ഇടയിലുള്ള തേവര പേരണ്ടൂർ കനാലിന്റെ 10.58 കിലോമീറ്റർ ഭാഗം 16 കോടി രൂപ ചെലവിലും,

2) തമ്മനത്തിനും ബാനർജി റോഡിനും ഇടയിലുള്ള ഉള്ള കാരണക്കോടം തോടിന്‍റെയും അടിമുറി തോടിന്‍റെയും ഭാഗങ്ങൾ ഉൾപ്പെടുന്ന 2.7 കിലോമീറ്റർ ഭാഗം 2.83 കോടി രൂപ ചെലവിലും,

3) പടിഞ്ഞാറേ കൊച്ചിയിലെ പണ്ടാരച്ചാൽ കനാലിലെ സാന്തോം ചർച്ചിനും ചിറക്കൽ പുഴയ്ക്കും ഇടയിലുള്ള 2.28 കിലോമീറ്റർ ഭാഗം 3 കോടി രൂപ ചെലവിലും,

4) പടിഞ്ഞാറേ കൊച്ചിയിലെ രാമേശ്വരം കനാലിലെ കൊച്ചിൻ ഫിഷറീസ് ഹാർബർ മുതൽ കൊച്ചിൻ കോളേജ് വരെയുള്ള 2.4 കിലോമീറ്റർ ഭാഗം 2.58 കോടി രൂപ ചെലവിലും,

5) കൊച്ചിൻ കോളേജ് മുതൽ കരിമ്പാലം വരെയുള്ള മന്ത്ര കനാലിന്റെ 2.1 കിലോമീറ്റർ ഭാഗം 1.03 കോടി രൂപ ചെലവിലും,

6) മധുര കമ്പനി മുതൽ വേമ്പനാട്ടുകായൽ വരെയുള്ള പഷിണി തോട് കനാലിന്റെ 2.1 കിലോമീറ്റർ ഭാഗം 2 കോടി രൂപ ചെലവിലും, നവീകരിക്കാനാണ്‌ നിലവിലെ പദ്ധതി.

കനാൽ പുറമ്പോക്കുകളിൽ താമസിക്കുന്ന 600 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നും, അവരുടെ പുനരധിവാസം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തേവര കനാൽ, പേരണ്ടൂർ കനാൽ, മാർക്കറ്റ് കനാൽ, ചിലവന്നൂർ കനാൽ, ഇടപ്പള്ളി കനാൽ, എന്നീ അഞ്ചു കനാലുകൾക്കായി ആകെ 35 കിലോമീറ്റർ നീളത്തിൽ 1356 കോടി രൂപയ്ക്ക് കേരള സർക്കാർ കിഫ്ബി വഴി പദ്ധതി തയാ റാക്കിയതായി കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുള്ളതായും മന്ത്രി ലോക്സഭയിൽ ഹൈബി ഈഡൻ എം.പിക്ക് മറുപടി നല്‍കി.