PM SHRI| പി.എം.ശ്രീയില്‍ ‘യൂ ടേണ്‍’ എടുത്ത് കേരളം; അന്തിമ തീരുമാനം കേന്ദ്രത്തിന്റേത് മാത്രം; ഉപസമിതി റിപ്പോര്‍ട്ട് ഉടനില്ല

Jaihind News Bureau
Thursday, October 30, 2025

കേരളത്തിലെ പി.എം.ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഒരാഴ്ച നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് ഉണ്ടായത്. ഈ വിഷയത്തില്‍ അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളും. സാങ്കേതികമായി, കേരളം കരാറില്‍ നിന്ന് പിന്മാറിയതല്ല, മറിച്ച് തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. കാരണം, കരാറില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രത്തിനാണ് അധികാരം. നിലവില്‍ ഒപ്പിട്ട ധാരണാപത്രം പഠിക്കുന്നതിനായി സി.പി.ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒരു ഉപസമിതിയെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉപസമിതി വിവാദം തണുപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമാണ്. അടുത്തൊന്നും യോഗം ചേരാനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ സാധ്യതയില്ല. ഉടന്‍ തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനുള്ള സാധ്യതകളും ഈ കാലതാമസത്തിന് കാരണമായേക്കാം.

ഈ ‘യൂ ടേണ്‍’ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇതിന് പിന്നിലെ പ്രധാന കാരണം, കേന്ദ്രം തടഞ്ഞുവെച്ച എസ്.എസ്.കെ (സമഗ്ര ശിക്ഷാ കേരളം) ഫണ്ടാണ്. എസ്.എസ്.കെ ഫണ്ടിലെ 925 കോടിയില്‍, ആദ്യ ഗഡുവായ 300 കോടി ഉടന്‍ ലഭിക്കാനിരിക്കെയാണ് കേരളം ഈ വിഷയത്തില്‍ പിന്നോട്ട് പോയത്. എസ്.എസ്.കെ യും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തിയിരുന്നു. ഫണ്ടാണ് പ്രധാനമെന്ന് ആവര്‍ത്തിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ഇതോടെ വെട്ടിലായി. കേരളത്തിന്റെ ഈ പിന്മാറ്റം കേന്ദ്രം തിരിച്ചറിഞ്ഞതോടെ, എസ്.എസ്.കെ ഫണ്ട് വിതരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നേരത്തെ, പഞ്ചാബ് പി.എം.ശ്രീയില്‍ നിന്ന് പിന്മാറിയപ്പോള്‍ കേന്ദ്രം ഫണ്ട് തടഞ്ഞുവെക്കുകയും, പിന്നീട് വീണ്ടും പദ്ധതിയില്‍ ചേര്‍ന്നതിന് ശേഷമാണ് പണം ലഭിക്കുകയും ചെയ്തത് എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്.