തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം; അതീവ ജാഗ്രതാ നിർദേശം

Jaihind Webdesk
Saturday, November 13, 2021

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കേണ്ടതാണ്. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും, നദിക്കരകളിലും, മലയോരപ്രദേശങ്ങളിലേക്കുള്ള യാത്രകൾക്കു വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾക്ക് കർശന നിർദേശം നൽകുന്നു.

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ തമിഴ്നാട്‌ തീരത്തുള്ള ന്യൂനമർദ്ദത്തിന്‍റെയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴയാണ് തെക്കൻ കേരളത്തിൽ അനുഭവപ്പെടുന്നത്. ശക്തമായ മഴയിൽ നെയ്യാറ്റിൻകരയ്ക്കും ബാലരാമപുരത്തിനും ഇടയിലുള്ള മൂന്നുകല്ല്മൂട്ടിൽ റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു.  ഇവിടെയുള്ള പാലത്തിന്‍റെ സ്ഥിതിയും അപകടാവസ്ഥയിലാണ്.

തിരുവനന്തപുരത്ത് മലയോരമേഖലകളായ വിതുര, പൊൻമുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുകയാണ്. കോവളം വാഴമുട്ടത്ത് വീടുകൾക്ക് സമീപം മണ്ണിടിച്ചിലുണ്ടായി.

അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ 220 സെ. മീ ഉയർത്തിയിട്ടുണ്ട്. സമീപവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊല്ലം ജില്ലയിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ തെന്മല, കുളത്തൂപ്പുഴ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരുന്നു.