കണ്ണൂരില്‍ മഴക്കെടുതി രൂക്ഷം; പുഴകളില്‍ മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടലെന്ന് സംശയം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

 

കണ്ണൂർ: കര്‍ണാടക മേഖലയില്‍ ഉരുള്‍ പൊട്ടിയതായി സംശയം. കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ പുഴകളില്‍ മലവെള്ളപ്പാച്ചില്‍. ഉളിക്കല്‍ പഞ്ചായത്തിലെ മൂന്ന് പാലങ്ങള്‍ വെള്ളത്തിലായി. മണിക്കടവ് ടൗണില്‍ വെള്ളം കയറുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നല്‍കി.

കണ്ണൂർ പറശിനിക്കടവിലെ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

ജലഗതാഗത വകുപ്പിന്‍റെയും സ്വകാര്യ വ്യക്തികളുടെയും ബോട്ട് സർവീസുകളാണ് താൽക്കാലികമായി നിർത്തിവെച്ചത് . പഴശി ഡാം തുറന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതോടെയാണ് ബോട്ട് സർവീസുകൾ നിർത്തിവെച്ചത്.

കിണർ ഇടിഞ്ഞു താഴ്ന്നു

കണ്ണൂർ കാടാച്ചിറ കോട്ടൂർ മൂന്നാം വാർഡിൽ ശകതമായ മഴയിൽ മേയ്ക്കൽ വീട്ടിലെ കിണർ ഇടിഞ്ഞുതാണു. 15 കോൽ ആഴമുള്ള കിണറിന്‍റെ ആൾ മറ മുഴുവൻ കിണറിലേക്ക് താണുപോവുകയായിരുന്നു.

വീടുകളില്‍ വെള്ളം കയറി

കണ്ണൂർ താഴെ ചൊവ്വ സ്പിന്നിംഗ് മിൽ റോഡിലെ വീടുകളിൽ വെള്ളം കയറി. കണ്ണൂർ കോർപ്പറേഷനിലെ വെത്തില പള്ളി ഡിവിഷനിലെ വീടുകളിലാണ് വെള്ളം കയറിയത്. വീടുകളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. എടക്കാട് നടാലിലും വ്യാപര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. കടകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാശനഷ്ടം ഉണ്ടായതായി വ്യാപാരികൾ പറഞ്ഞു. ആറളം പുനരുധിവാസ മേഖലയിലേക്കുള്ള റോഡിലെ പ്രധാന പാലം വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ഇന്ന് ഉച്ചയോടു കൂടിയാണ് കനത്ത മഴയെ തുടർന്ന് പാലത്തിൽ ഉൾപ്പെടെ വെള്ളം കയറിയത്. ഇതോടെ പ്രദേശത്തേക്ക് ഈ വഴിയുള്ള ഗതാഗതം നിലച്ചു. കണ്ണൂർ കോർപ്പറേഷനിലെ പള്ളിയാംമൂലയിലും ചാലാട്, പയ്യാമ്പലം മേഖലയിലും വീടുകളിലും റോഡിലും വെള്ളം കയറി. നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളം കയറിയ പ്രദേശങ്ങൾ കണ്ണൂർ ഡിസിസി പ്രസിഡന്‍ മാർട്ടിൻ ജോർജ് സന്ദർശിച്ചു.

ഒഴുക്കില്‍ പെട്ട് സ്ത്രീയെ കാണാതായി

കണ്ണൂർ പെരിങ്ങോമിൽ സ്ത്രീ ഒഴുക്കിൽപ്പെട്ടു. പെരിങ്ങോം പെരുവാമ്പ പുഴയിലാണ് ഒഴുക്കിൽ പെട്ടത്. കോടൂർ മാധവിയെയാണ് പെരുവാമ്പ വീടിനോട് ചേർന്നുള്ള പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായത്.

മീൻ കൂടുകൾ മഴയിൽ ഒലിച്ചു പോയി

കണ്ണൂർ പഴശി ഡാമിന് സമീപം പേരുവംപറമ്പ് പുഴയിൽ മത്സ്യകൃഷി ചെയ്തുകൊണ്ടിരുന്ന മീൻ കൂടുകൾ കനത്ത മഴയിൽ ഒലിച്ചു പോയി.

സ്കൂള്‍ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

കണ്ണൂർ പാനൂർ കെകെവിപിആർ മെമ്മോറിയൽ സ്കൂളിലെ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. സ്കൂൾ വിട്ട് കുട്ടികളുമായി പോയ ബസാണ് കുടുങ്ങിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 19) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവയ്ക്കടക്കം അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Comments (0)
Add Comment