കനത്ത മഴയിൽ മുങ്ങി ഉത്തരേന്ത്യ. കഴിഞ്ഞ 4 ദിവസങ്ങളിലായി തുടരുന്ന മഴയില്‍ 110 പേർ മരിച്ചു. ഉത്തർപ്രദേശിൽ മാത്രം 79 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വരും മണിക്കൂറുകളിൽ സ്ഥിതി ശാന്തമാകുമെന്നും എന്നാൽ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.
ഉത്തർ പ്രദേശിലും ബിഹാറിലും തുടരുന്ന കാനത്ത മഴയിൽ ജന ജീവിതം താറുമാറായി. പ്രയാഗ്രാജിൽ 102.2 mm മഴയും വാരണാസിയിൽ 84.2 mm മഴയും ആണ് രേഖപ്പെടുത്തിയത്. ഈ വർഷത്തെ മഴയുടെ ഏറ്റവും ഉയർന്ന അളവാണ് ഇത്. കിഴക്കൻ ഉത്തർ പ്രദേശിൽ സംസ്ഥാന ഭരണകൂടം പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് ജാഗ്രതാനിർദേശം തുടരുകയാണ്.
ബിഹാറിലും സമാന സാഹചര്യം ആണ് നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ കോഷി, ഭാഗ്മതി, മഹാനന്ദ തുടങ്ങിയ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണം. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലാണ്. നാല് മാസത്തെ മഴക്കാലം ഇന്നു തീരേണ്ടതാണ്. എന്നാൽ മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ജൂൺ ഒന്നിന് ആരംഭിച്ച മഴ ലക്ഷദ്വീപ് മുതൽ പശ്ചിമ രാജസ്ഥാനിലെ ഗംഗാനഗർ വരെ സഞ്ചരിച്ച് സെപ്റ്റംബർ ഒന്നിന് പിൻവാങ്ങാന്‍ തുടങ്ങേണ്ടതായിരുന്നു. എന്നാൽ മഴ തുടർന്നതോടെയാണ് സ്ഥിതി രൂക്ഷമായത്.