കേരളത്തിൽ പലയിടങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

Jaihind News Bureau
Friday, July 19, 2019

Rain-Kerala

കേരളത്തിൽ പലയിടങ്ങളിലും അതിതീവ്ര മഴ ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇന്ന് മുതൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, ജൂലൈ 20ന് ഇടുക്കി, ജൂലൈ 21ന് കണ്ണൂർ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിൽ കൂടുതൽ മഴയ്ക്കുള്ള സാധ്യതയാണ് റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ
കണക്കാക്കുന്നത്.

സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ക്യാമ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്താനാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അതേ സമയം ഇന്ന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ജൂലൈ 20 ന് എറണാകുളം ജില്ലയിലും ജൂലൈ 21ന് ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.