കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

Jaihind Webdesk
Tuesday, October 2, 2018

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെയാണ് കനത്ത മഴയ്ക്ക് സാധ്യത.

വെള്ളിയാഴ്ച രാവിലെ വരെ സംസ്ഥാനത്ത് ഏഴ് മുതൽ 11 സെൻറീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും വെള്ളിയാഴ്ച പകലും രാത്രിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 12 മുതൽ 20 സെൻറീമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇതു കൂടാതെ അറബിക്കടലിൽ ലക്ഷദ്വീപിനും മാലിദ്വീപിനും സമീപത്തായി ആറാം തീയതിയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദം ശക്തിപ്രാപിച്ച് വടക്കു പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്നതോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ആറു മുതൽ മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിനായി പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് പിൻവലിക്കും വരെ അടിയന്തര സാഹചര്യം നേരിടാനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറും താലൂക്ക് കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് മണിവരെ മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം എന്നും മുന്നറിയിപ്പുണ്ട്.