മൃതദേഹം നാട്ടിലേക്ക് അയക്കാനോ ജയില്‍ മോചന സഹായത്തിനോ പണം പിരിച്ചാല്‍ ദുബായില്‍ 36 ലക്ഷം രൂപ പിഴ !

B.S. Shiju
Tuesday, July 2, 2019

ദുബായ് : ദുബായില്‍ സാമൂഹ്യ-സാസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കാന്‍, വിദേശികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുമതി വേണമെന്ന നിയമം ഗവര്‍മെന്റ് വീണ്ടും കര്‍ശനമാക്കി. ഇത്തരത്തില്‍ അനുമതി ഇല്ലാതെ ഗ്രൂപ്പ് രൂപീകരിക്കുന്നതും സാമൂഹ്യ-സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ദുബായ് ഗവര്‍മെന്റിന് കീഴിലെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി ( സി ഡി എ ) ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇപ്രകാരം, നിയമം ലംഘിക്കുന്നവര്‍ അഞ്ഞൂറ് ദിര്‍ഹം മുതല്‍ രണ്ടു ലക്ഷം ദിര്‍ഹം വരെ ( ഏകദേശം 36 ലക്ഷത്തിലധികം രൂപ ) പിഴ അടയ്ക്കണം.

ദുബായിലെ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ അസോസിയേഷനുകളെയും സന്നദ്ധ പ്രവര്‍ത്തകരെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുന്നത്. ഇതിനായി ആരംഭിച്ച സര്‍ക്കാര്‍ വകുപ്പ് കൂടിയാണ് സി ഡി എ. അതിനാല്‍, ഇത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കൂട്ടായ്മയുടെ പൂര്‍ണ്ണ റിപ്പോര്‍ട്ട് സഹിതം സിഡിഎയുടെ വെബ്‌സൈറ്റ് ലിങ്കില്‍ പോയി, പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സംഭാവന പിരിയ്ക്കല്‍, ധനസമാഹരണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ഇത്തരത്തില്‍ മുന്‍കൂര്‍ അനുമതി വേണം. ജയില്‍ മോചനത്തിനോ, മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനോ ഇത്തരത്തില്‍ അനുമതി ഇല്ലാതെ പണം പിരിച്ചാലും അത് കുറ്റകരമായ നിയമലംഘനമായി കണക്കാക്കും. അതിനാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍, കമ്പനികള്‍ നടത്തിയാലും അതിന് മുന്‍കൂട്ടിയുള്ള അനുമതി നിര്‍ബന്ധമാണ്. അഫ്ഗാനിസ്ഥാനിലെ അഭയാര്‍ഥികളെ പിന്തുണച്ച, യുഎസ് ആസ്ഥാനമായ ചാരിറ്റി ഗ്രൂപ്പിന്, ഫേസ്ബുക്ക് ഉപയോഗിച്ച് പണം പിരിച്ചതിന് നേരത്തെ, ഒരു ബ്രിട്ടീഷ്-ഓസ്ട്രേലിയന്‍ പൗരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.