സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്; കടല്‍ പ്രക്ഷുബ്ധമാകും, മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്

Jaihind Webdesk
Sunday, June 30, 2019

 

Rain-Kerala

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ജൂലൈ ഒന്ന് രാത്രി ‌11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നും കടൽ പ്രക്ഷുബ്ധമായ തീരങ്ങളിൽ വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദേശം

തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശിക്കുന്നു.

ജൂൺ 30 ന് മധ്യപടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും തെക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും വടക്ക് ബംഗാൾ ഉൾക്കടലിലും തെക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലർത്തണം.

ജൂലൈ 1 മുതൽ ജൂലൈ 2 വരെ മധ്യ-പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ അറബിക്കടലിലും തെക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും വടക്ക് ബംഗാൾ ഉൾക്കടലിലും ജാഗ്രത പുലർത്തണം.

ജൂൺ 3 മുതൽ ജൂലൈ 4 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും ജാഗ്രതാനിര്‍ദേശമുണ്ട്.