പി.എസ്.സി ചോദ്യപേപ്പർ ചോർച്ച : ഹൈക്കോടതി സർക്കാറിനോട് വിശദീകരണം തേടി

Jaihind News Bureau
Wednesday, September 18, 2019

kerala-psc

പി.എസ്.സി ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. പരീക്ഷക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി നടപടി.

പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചത്. പരീക്ഷ തട്ടിപ്പ്മായി ബന്ധപ്പെട്ട കേസിൽ വിശദാംശങ്ങൾ അറിയിക്കണമെന്നാവശ്യപ്പെട്ട് കോടതി സർക്കാറിന് നോട്ടീസയച്ചു. ഒരാഴ്ച്ചക്കകം മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പി. എസ്.സിക്കെതിരെ ഉയർന്ന നിലപാട് ഗുരുതര ആരോപണങ്ങളാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണത്തെ കുറിച്ചുള്ള നിലപാട് അറിയക്കാൻ ഡി.ജി.പി.യോടും സി.ബി.ഐയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ അഭിഭാഷകനും, പി.എസ്.സിയും കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും അന്വേഷണം സുതാര്യമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ മറ്റൊരു ഏജൻസിയുടെ ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്.
അതേസമയം, പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത് തടയണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നീ പ്രതികള്‍ക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള പരീക്ഷയെഴുതാന്‍ വഴിവിട്ട സഹായം നൽകിയത് സിബി.ഐ അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്ത് വരുകയുള്ളൂ എന്ന് കാണിക്കാണ് ഹർജിക്കാർ ഹൈകോടതിയെ സമീപിച്ചത്.