നിയമത്തെ കബളിപ്പിച്ച് മനാഫ് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം; മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഹൈക്കോടതി രജിസ്ട്രാറുടെ താക്കീത്

Jaihind Webdesk
Wednesday, July 3, 2019

നിയമത്തെ കബളിപ്പിച്ച് മനാഫ് വധക്കേസ് പ്രതികള്‍ ജാമ്യം നേടിയ സംഭവത്തിൽ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഹൈക്കോടതി രജിസ്ട്രാറുടെ താക്കീത്. കൊല്ലപ്പെട്ട മനാഫിന്‍റെ സഹോദരൻ നൽകിയ പരാതിയിലാണ് ഹൈക്കോടതി നടപടി.

ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോളിളക്കം സൃഷ്ടിച്ച മനാഫ് വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സംഭവത്തില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഹൈക്കോടതി രജിസ്ട്രാറുടെ താക്കീത്. മേലില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മതയും ജാഗ്രതയും പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് മഞ്ചേരി ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടും പത്രവാര്‍ത്തയും രജിസ്ട്രാര്‍ പരിഗണിച്ചിരുന്നു.

മനാഫ് വധക്കേസ് പ്രതികളായ എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട് തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് എന്നിവരാണ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറച്ചുവെച്ച് കഴിഞ്ഞ നവംബര്‍ 23ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം നേടിയത്.

ഹൈക്കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയതും വീണ്ടും പരിഗണിക്കുന്നതും മറച്ചുവെച്ചു നേടിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ചതോടെ കബീറിന്‍റെ ജാമ്യം റദ്ദാക്കി മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് നവംബര്‍ 26ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിറ്റെ ദിവസം കോടതിയില്‍ ഹാജരായ അറസ്റ്റു വാറണ്ടുള്ള കബീറിനെ റിമാന്റ് ചെയ്യാതെ കേസ് ഡിസംബര്‍ ഏഴിലേക്കു മാറ്റിയത് വിവാദമായിരുന്നു. ഈ നടപടിക്കെതിരെ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് ഹൈക്കോടതി ചീഫ്ജസ്റ്റിസിനും വിജിലന്‍സ് രജിസ്ട്രാര്‍ക്കും പരാതിയും നല്‍കി.

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറച്ചുവെച്ച് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ നിന്നും ജാമ്യം നേടിയതില്‍ ആശങ്കരേഖപ്പെടുത്തിയ ഹൈക്കോടതി കബീറിനും കൂട്ടുപ്രതി നിലമ്പൂര്‍ ജനതപ്പടി മുനീബിനും 15000 രൂപ പിഴ ശിക്ഷ വിധിക്കുകയും ഇരുവരുടെയും ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു.