ബ്രൂവറി അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്ത്? സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Jaihind Webdesk
Wednesday, October 3, 2018

ബ്രൂവറി അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്തെന്ന് ഹൈക്കോടതി. അബ്കാരി നയത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ മറുപടി നൽകി. മദ്യനിർമാണ ശാലകൾ അനുവദിക്കുന്നതിനെതിരെയുള്ള പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് സർക്കാർ വിശദീകരണം നൽകിയത്.

തൃശൂരിലെ മലയാളവേദി എന്ന സംഘടന നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. താത്പര്യമുള്ളവർക്ക് ബ്രൂവറികൾ തുടങ്ങാൻ അപേക്ഷ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ എക്‌സൈസ് കമ്മീഷ്ണർ പരിശോധിച്ചാണ് തീരുമാനം എടുക്കുക. മദ്യനിർമാണ ശാലകൾ അനുവദിക്കരുതെന്ന് സർക്കാർ നിലപാട് എടുത്തിട്ടില്ല. അതിനാൽ സർക്കാർ തലത്തിൽ തടസങ്ങളില്ല. മദ്യനിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് 5 അപേക്ഷകൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. മൂന്ന് ബ്രൂവറികളും രണ്ട് ഡിസ്റ്റലറികളുമാണ് പരിഗണനയിലുള്ളത്.

കൃത്യമായ പരിശോധനകൾക്ക് ശേഷമാകും അന്തിമ അനുമതി നൽകുകയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ കേരളത്തിലേക്കുള്ള മദ്യത്തിന്‍റെ നാൽപ്പത് ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ഇവ ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നതോടെ സർക്കാരിന് വരുമാനം വർധിക്കും. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കുന്നതിന് ഹൈക്കോടതി നീട്ടിവെച്ചു.