‘ശിക്ഷായിളവ്, കോടതി ഒപ്പമില്ല’: തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കിയ വി.എസ് സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുറത്തിറങ്ങിയവരില്‍ കെ.ടി ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും

webdesk
Friday, January 11, 2019

Kerala-High-Court

തിരുവനന്തപുരം : വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ശിക്ഷായിളവ് നല്‍കി മോചിപ്പിച്ച 209 തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.  ഇതോടെ മോചിപ്പിക്കപ്പെട്ട തടവുകാര്‍ക്ക് വീണ്ടും ശിക്ഷയനുഭവിക്കേണ്ടി വരും. ഭരണത്തിലേറുമ്പോള്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് തങ്ങളുടെ ഇംഗിതം നടപ്പാക്കാനുള്ള ഇടതുപക്ഷത്തിന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. 10 വര്‍ഷം ശിക്ഷ അനുഭവിച്ചവരെയാണ് സര്‍ക്കാര്‍ അന്ന് വിട്ടയച്ചത്. 14 വര്‍ഷം ശിക്ഷ അനുഭവിക്കാതെ പുറത്തുപോയവര്‍ ബാക്കി ശിക്ഷാ കാലയളവ് കൂടി ജയിലില്‍ കഴിയേണ്ടി വരുമെന്നതാണ് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധിയിലൂടെ വ്യക്തമാവുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണര്‍ പുന:പരിശോധിക്കണ മെന്നും ആറു മാസത്തിനകം വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജയില്‍ വകുപ്പ് വിട്ടയച്ച 209 പ്രതികളില്‍ യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും ഉള്‍പ്പെട്ടിരുന്നു. കേസിലെ അഞ്ച് പ്രതികളെയാണ് പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വിട്ടയച്ചത്.
ആഴ്ച്ചകള്‍ക്ക് മുമ്പ് 36 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയില്‍ എത്തിയത്. സര്‍ക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് അന്നത്തെ സര്‍ക്കാര്‍ ഇത്തരത്തില്‍ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 10 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് അന്നു വിട്ടയച്ചതെന്നും പട്ടിക സഹിതം അദ്ദേഹം കോടതിയില്‍ േബാധിപ്പിച്ചിരുന്നു. അറിയിച്ചിരുന്നു.
14 വര്‍ഷത്തെ ശിക്ഷ അനുഭവിക്കേണ്ടവര്‍ ഇതില്‍ എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ കണക്കുകള്‍ വ്യെക്തമാവുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു 120 തടവുകാരെ മോചിപ്പിക്കാന്‍ ജയില്‍ വകുപ്പു ശുപാര്‍ശ നല്‍കിയിരുന്നു. അതു ഗവര്‍ണര്‍ മടക്കിയതോടെ മൂന്നംഗ ഉന്നതതല സമിതി വീണ്ടും പരിശോധിച്ചു 36 പേരുടെ പട്ടിക വിണ്ടും നല്‍കി. ഹൈക്കോടതിയുടെ അനുമതിയില്ലാതെ തടവുകാരെ മോചിപ്പിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഗവര്‍ണര്‍ രണ്ടാമത്തെ പട്ടികയും മടക്കി്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഉത്തര് റദ്ദാക്കി കോടതി വിധിപുറപ്പെടുവിച്ചത്.
കെ.ടി ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളെ പുറത്തു വിട്ടതിനു പുറമേ നിലവിലെ മോചനത്തിന്റെ മറവില്‍ ടി.പി കേസടക്കമുള്ള പ്രതികളെ പുറത്തിറക്കാന്‍ സര്‍ക്കാരിന്റെ നീക്കമുണ്ടായിരുന്നതായും സൂചനയുണ്ട്. മുമ്പ് ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട് കുഞ്ഞനന്തന് മാനദണ്ഡങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മറ്റ് പ്രതികളുടെ വിവാഹമടക്കമുള്ള കാര്യങ്ങള്‍ പരോള്‍ സമയത്ത് ആഡംബരപൂര്‍വ്വം പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1999 ഡിസംബര്‍ ഒന്നിന് പകല്‍ 10.30ന് മൊകേരി യു.പി. സ്‌കൂള്‍ ക്ലാസ് മുറിയിലാണ് ജയകൃഷ്ണന്‍ വെട്ടേറ്റുമരിച്ചത്. നാല്‍പതോളം കുട്ടികളുടെ മുന്നില്‍ പഠിപ്പിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ജയകൃഷ്ണനെ ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 55 മുറിവുകള്‍ ജയകൃഷ്ണന്റെ മൃതദേഹത്തില്‍ കാണപ്പെട്ടുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.


[yop_poll id=2]