കുരുന്നിനോടും ദയ കാട്ടാതെ പിണറായി സര്‍ക്കാര്‍; ഉള്ളുലഞ്ഞ് സമൂഹ മനഃസാക്ഷി; ക്രൂരതയെന്ന് വിമര്‍ശനം

 

തിരുവനന്തപുരം : ആറ്റിങ്ങലില്‍ പിങ്ക് പോലീസ് അപമാനിച്ച മൂന്നാം ക്ലാസുകാരിയായ കുരുന്നിനോട് നീതി കാണിക്കാന്‍ തയാറാകാത്ത പിണറായി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. ക്രൂരതയെന്നാണ് സമൂഹമാധ്യമങ്ങള്‍ നടപടിയെ വിശേഷിപ്പിച്ചത്. നീതിനിഷേധമാണിതെന്നും പിണറായി സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യം നീതീകരിക്കാനാകാത്തതാണെന്നും വിമര്‍ശനമുയരുന്നു.  സര്‍ക്കാര്‍ നടപടിയില്‍ വലിയ  ദുഃഖമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവും പ്രതികരിച്ചു.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി  വിധിക്കെതിരെ അപ്പീല്‍ നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് വ്യാപക വിമര്‍ശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചിരിക്കുന്നത്. പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും ഇത് ഉദ്യോഗസ്ഥയുടെ മാത്രം കുറ്റമാണെന്നും അപ്പീലില്‍ പറയുന്നു. സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെണ്‍കുട്ടിയും പിതാവും  ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. കോടതിച്ചെലവായി 25000 രൂപ കെട്ടിവെക്കാനും  നിര്‍ദേശിച്ചിരുന്നു.

അതേസമയം കുഞ്ഞിനെ വീണ്ടും അപമാനിക്കുന്ന, കണ്ണില്‍ ചോരയില്ലാത്ത നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റേതെന്ന വിമര്‍ശനമാണ് ഉയരുന്നത്. കെ റെയിലിലൂടെ കേരള സമൂഹത്തിന്‍റെ മുഴുവന്‍ സമാധാനവും ഇല്ലാതാക്കുന്ന അതേ മനോനിലയാണ് പിഞ്ചുകുഞ്ഞിനോടും സര്‍ക്കാര്‍ കാട്ടുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.  പിണറായി സര്‍ക്കാര്‍ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Comments (0)
Add Comment