ഹാപ്പി ബെര്‍ത്ത് ഡേ ഷെയ്ഖ് മുഹമ്മദ് ! ദുബായ് ഭരണാധികാരിയ്ക്ക് 70 വയസ്

Elvis Chummar
Monday, July 15, 2019

ദുബായ് : യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് ( ജൂലൈ 15 ) 70 വയസ്സ് തികഞ്ഞു. 1949 ജൂലൈ 15 ന് ദുബായ് ക്രീക്കിന് സമീപമുള്ള, അല്‍ ഷിന്ദഗയിലെ, അല്‍ മക്തൂം വീട്ടിലാണ് ഷെയ്ഖ് മുഹമ്മദ് ജനിച്ചത്. പിതാവ് ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്‍റെ നാല് ആണ്‍മക്കളില്‍ മൂന്നാമനായാണ് ജനനം.

സഹോദരന്‍ ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മരണത്തെത്തുടര്‍ന്ന് , 2006 ജനുവരി 4 ന് ഷെയ്ഖ് മുഹമ്മദ് ദുബായ് ഭരണാധികാരിയായി. അതേ വര്‍ഷം ജനുവരി 5 ന് , യുഎഇ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ ഷെയ്ഖ് മുഹമ്മദിനെ യുഎഇ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുത്തു. 2006 ഫെബ്രുവരി 11 ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഷെയ്ഖ് മുഹമ്മദിനെ യുഎഇ പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്തു. അബുദാബി അല്‍ ബതീന്‍ കൊട്ടാരത്തില്‍ ഷെയ്ഖ് ഖലീഫയുടെ മുമ്പാകെ, അന്ന് ഷെയ്ഖ് മുഹമ്മദും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം, യുഎഇ ഗവര്‍മെന്‍റിലെ സേവന മികവ് കൂടുതല്‍ മികച്ചതാക്കി. ഒപ്പം, പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഷെയ്ഖ് മുഹമ്മദ് പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടു. നവീനത വളര്‍ത്തുക, യുവാക്കളെ കൂടുതല്‍ സജീവമാക്കുക, മൂലധനം വികസിപ്പിക്കുക, വിദ്യാഭ്യാസത്തിലും ശാസ്ത്ര ഗവേഷണത്തിലും നിക്ഷേപം കൂടുതല്‍ നടത്തുക, യുഎഇ സര്‍ക്കാര്‍ മേഖലയില്‍ എല്ലാവര്‍ക്കും മികച്ച ഭരണവും സേവനവും സ്ഥാപിക്കുക, വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക എന്നിവ ഉള്‍പ്പെടെ സുസ്ഥിര വികസനത്തിനായി ഷെയ്ഖ് മുഹമ്മദ് നടത്തിയ മാറ്റങ്ങള്‍ ലോക ശ്രദ്ധ നേടി.

ഇതുവഴി, യുഎഇയുടെ രാജ്യാന്തര മത്സരശേഷി ഉയര്‍ന്നു. ഇതിലൂടെ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വികസനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കൂടി കാല്‍വെയ്ക്കാന്‍ യുഎഇയ്ക്ക് സാധ്യമായി. കൂടാതെ, നിരവധി സവിശേഷ സംരംഭങ്ങള്‍ ആരംഭിച്ചു. അദ്ദേഹത്തിന്‍റെ പരിശ്രമവും അര്‍പ്പണബോധവും യുഎഇയെ, പ്രത്യേകിച്ച് ദുബായ് നഗരത്തെ , വിവിധ മേഖലകളില്‍ ലോകത്തെ വലിയ രാജ്യാന്തര ബ്രാന്‍ഡാക്കി. ലോകത്ത് ആദ്യമായി ജനങ്ങളുടെ സന്തോഷത്തിനായി ഹാപ്പിനസ് മന്ത്രിയെ കൊണ്ടു വന്നതും ഷെയ്ഖ് മുഹമ്മദിന്‍റെ സുപ്രധാന നേട്ടങ്ങളില്‍ ഒന്നാണ്.  ഇന്ത്യക്കാരുമായും മലയാളി സമൂഹവുമായു ഷെയ്ഖ് മുഹമ്മദിനുളള ആത്മബന്ധം വലുതാണ്. ആ രാജകൊട്ടരത്തിലെയും ഓഫീസ് സ്റ്റാഫിലെയും മലയാളി ജീവനക്കാരുടെ എണ്ണം തന്നെ, ഷെയ്ഖ് മുഹമ്മദിന്‍റെ ഈ മലയാളി സ്‌നേഹം അടിവരയിടുന്നു.