വിദേശികളെ സാരി ഉടുപ്പിച്ചു ; കോണ്‍ഫറന്‍സ് റൂമില്‍ ഓണസദ്യ , ഓഫീസിനുളളില്‍ കൂറ്റന്‍ പൂക്കളം: ‘ലോക ഉത്സവ’മാക്കി ഗള്‍ഫ് മലയാളികളുടെ തിരുവോണം

Elvis Chummar
Wednesday, September 11, 2019

ദുബായ് : വിദേശികള്‍ ഉള്‍പ്പടെയുള്ള ഓഫീസ് ജീവനക്കാരെ , കേരളീയ സാരി ഉടുപ്പിച്ച്, ദുബായില്‍ പ്രവാസി മലയാളികള്‍, തിരുവോണദിനാഘാഷം ഗംഭീരമാക്കി. ഇതോടെ, തിരുവോണദിനം, ഗള്‍ഫില്‍ പ്രവര്‍ത്തി ദിവസം ആയിട്ടും, മലയാളികളായ ജീവനക്കാരുടെ, ആഘോഷത്തിന്, ആവേശം ഒട്ടും കുറഞ്ഞില്ല. . ഇപ്രകാരം, പ്രവാസി മലയാളികള്‍, തിരുവോണത്തെ, ലോകത്തിന്റെ മുഴുവന്‍ ഉത്സവമാക്കി മാറ്റി.

തിരുവോണ ദിനത്തില്‍, ദുബായിലെ വിവിധ ഓഫീസുകളിലെ ഓണക്കാഴ്ചകള്‍ വ്യത്യസ്തമായി. ഒരിടത്ത്, ഓണപ്പാട്ട്, മറ്റൊരിടത്ത് പൂക്കളം ഇടല്‍. ഓഫീസിന്റെ നടുമുറ്റം വരെ കൈയ്യേറി, വിളക്ക് കത്തിച്ച് , കൂറ്റന്‍ പൂക്കളമിട്ടു. വിദേശികളായ വനിതാ ജീവനക്കാരെ വരെ, മുല്ല പൂ ചൂടിച്ച്, ഓണസാരിയും ഉടുപ്പിച്ച്, പ്രവാസി മലയാളികള്‍ ഓണപ്പാട്ട് പാടിപ്പിച്ചു. ഓഫീസുകളിലെ തിരക്കേറിയ കോണ്‍ഫറന്‍സ് മുറികള്‍, ഓണസദ്യയ്ക്കായി വഴിമാറി. ചില സ്ഥലങ്ങള്‍ ഊട്ടുപുരകളായി മാറി. ഓഫീസിലെ കംപ്യൂട്ടറുകളും ലാപ്‌ടോപുകളും ഫയലുകളും മാറ്റിവെച്ച്, അവിടെ, വാഴ ഇലകള്‍ സ്ഥാനം നേടി. ഇപ്രകാരം, കോട്ടും സ്യൂട്ടും മുണ്ടും ധരിച്ച് എത്തിയവര്‍, ഒരു ദിനം, ടീസ്പൂണുകള്‍ മാറ്റിവെച്ച് ഇലയില്‍ കൈക്കൊണ്ട് ചോറു ഉരുട്ടി സാപ്പാട് അടിച്ചു. തിരുവോണം , പ്രവര്‍ത്തി ദിവസം ആയതിനാല്‍, ഹോട്ടലുകള്‍ക്ക് , ഇത് പാര്‍സല്‍ ഓണം ആയി മാറി. മിക്കയിടത്തും വലിയ രീതിയില്‍ ഓണക്കിറ്റുകള്‍ പാര്‍സലായി വിറ്റഴിഞ്ഞു. ഇങ്ങിനെ, മുണ്ടും സാരിയും ധരിച്ച്, ഓഫീസുകളിള്‍ ജോലിയ്‌ക്കെത്തി, സെല്‍ഫീ ഫോട്ടോകള്‍ എടുത്തും, പാട്ട് പാടിയും, ഓണസദ്യ ഉണ്ടും, ഗള്‍ഫ് മലയാളികള്‍ തിരുവോണത്തെ ഗംഭീരമാക്കി.