ജി.എസ്.ടി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർത്ത മഹാദുരന്തം : രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, September 6, 2020

ഇന്ത്യൻ സാമ്പത്തിക രംഗത്തെ തകർത്ത മഹാ ദുരന്തമായിരുന്നു ജി.എസ്‌.ടി എന്ന് രാഹുൽ ഗാന്ധി. ജി.എസ്‌.ടി ചെറുകിട കച്ചവട മേഖലയെ തകർത്തു. കോടിക്കണക്കിന് യുവാക്കളുടെ തൊഴിൽ നഷ്ടപ്പെടുത്തി. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത തകർത്തു. സാമ്പത്തിക തകർച്ചയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ  പുതിയ വീഡിയോ പരമ്പര പുറത്ത്.

ജി.ഡി.പി യുടെ തകർച്ചയ്ക്ക് പ്രധാന കാരണം മോദി സർക്കാരിന്‍റെ തിരക്കിട്ട ജി.എസ്.ടി കൊണ്ടുവരലെന്ന് രാഹുൽ ഗാന്ധി.
നോട്ട് അസാധുവാക്കലിനുശേഷം അസംഘടിത സമ്പദ് വ്യവസ്ഥയിൽ നടത്തിയ രണ്ടാമത്തെ ആക്രമണമായിരുന്നു ജി.എസ്.ടി. ചെറുകിട കച്ചവടം, യുവാക്കളുടെ തൊഴിൽ, സംസ്ഥാനങ്ങളുടെ സാമ്പത്തിക എന്നിവ അപകടത്തിലായി. ചെറുകിട-ഇടത്തരം വ്യാപാരികൾ കഷ്ടത്തിൽ ആവുകയും, വൻകിട കമ്പനികൾക്ക് കാര്യങ്ങൾ എളുപ്പം ആവുകയും ചെയ്തു. യു.പി.എ ആശയത്തിൽ നിന്നും തീർത്തും വ്യത്യസ്തമായി സങ്കീർണമായ ജി.എസ്.ടിയാണ് എന്‍.ഡി.എ സർക്കാർ നടപ്പിലാക്കിയത് എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ പോലും നിലവിൽ കഴിയുന്നില്ല. ജി.എസ്.ടി സമ്പൂർണ്ണ പരാജയം ആണെന്ന് ഇത് തെളിയിക്കുന്നു. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണം ആയിരുന്നു ജി.എസ്‌.ടി എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങളെ തിരിച്ചറിഞ്ഞ് ഒരുമിച്ച് നിൽക്കണമെന്നും സാമ്പത്തിക തകർച്ചയുമായി ബന്ധപ്പെട്ട വീഡിയോ പരമ്പരയിലെ മൂന്നാം അധ്യായത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.