സർക്കാരിന് ചെത്ത് തൊഴിലാളിയെന്ന് വിശേഷിപ്പിക്കാം , സുധാകരന്‍ പറയുമ്പോള്‍ ജാതീയത ; മറുപടി ഇല്ലാതെ സിപിഎം

Jaihind News Bureau
Friday, February 5, 2021

തിരുവനന്തപുരം : കെ.എം സുധാകരന്‍ എം.പി മുഖ്യമന്ത്രിയെ തൊഴില്‍ പറഞ്ഞ് അധിക്ഷേപിച്ചെന്ന് സിപിഎം വാദം ഉയര്‍ത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തില്‍ പുരസ്കാര ജേതാവിനെ ചെത്ത് തൊഴിലാളിയെന്ന് രേഖപ്പെടുത്തി പത്രപരസ്യം. തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാര വിതരണം സംബന്ധിച്ച പരസ്യത്തില്‍ പുരസ്‌ക്കാര ജേതാക്കളുടെ പട്ടികയില്‍ നാലാമതായാണ് ചെത്ത് തൊഴിലാളിയെന്ന് രേഖപ്പെടുത്തി വയനാട്ടില്‍ നിന്നുള്ള മുരളീധരന്‍ ടി.എസിന് പുരസ്‌ക്കാരം നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നടന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തേയും ധൂർത്തിനുമെതിരെ കെ.സുധാകരന്‍ പ്രസംഗിച്ചത്. ഇതിനെ ജാതീയമായി വളച്ചൊടിച്ച് നേട്ടം കൊയ്യാന്‍ സി.പി.എം ശ്രമിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തന്നെ ചെത്ത് തൊഴിലാളിക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കുന്നത്.

അതേസമയം മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് കെ സുധാകരൻ എം പി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചെത്തുകാരന്‍റെ മകൻ എന്ന് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഒരു തൊഴിൽ വിഭാഗത്തെ കുറിച്ച് പറയുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെയാണ് താൻ പ്രതിപാധിച്ചത്. പൊതുഖജനാവിൽ നിന്ന് 18 കോടി രൂപയാണ് ഹെലികോപ്റ്റർ യാത്രക്ക് മുഖ്യമന്ത്രി ഒരു വർഷം ചെലവാക്കിയത്. ഇതാണ് തന്‍റെ വിഷയം. തെറ്റ് പറഞ്ഞു എന്ന് തനിക്കു തോന്നാത്ത അത്ര കാലം മാപ്പ് പറയില്ല എന്നും കെ സുധാകരൻ എം പി ഡൽഹിയിൽ പറഞ്ഞു.