പെരിയയിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം: സി.പി.എമ്മിനെ വെള്ളപൂശി സര്‍ക്കാര്‍: പാര്‍ട്ടിക്ക് പങ്കില്ലെന്ന്

Friday, April 12, 2019

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എമ്മിന് പങ്കില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ സിപിഎം നേതൃത്വത്തിനു പങ്കില്ലെന്നും പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം ഫലപ്രദമായാണു നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടയിലാണു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണനും ബാലാമണിയും, ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണനും ലതയുമാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരായതിനാല്‍ സിപിഎം നിയന്ത്രണത്തിലുള്ള പൊലീസ് അന്വേഷണം ഫലപ്രദമാകില്ലെന്നു ചൂണ്ടിക്കാണിച്ചാണു ഹര്‍ജി.

സിപിഎം ഉന്നതരുടെ നിയന്ത്രണത്തില്‍ കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാണു നടക്കുന്നതെന്നും കേസിലുള്‍പ്പെട്ട ഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നില്ലെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം. കേസില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ സര്‍ക്കാരിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. സിബിഐയോടും കോടതി നിലപാട് ആരാഞ്ഞിട്ടുണ്ട്.