പ്രളയവും കൊവിഡും തകർത്ത കലാരംഗത്തിന് ഇരുട്ടടിയായി സാംസ്കാരിക വകുപ്പിൻ്റെ നയങ്ങളും

Jaihind News Bureau
Sunday, October 25, 2020

പ്രളയവും കൊവിഡും തകർത്ത കലാരംഗത്തിന് ഇരുട്ടടിയായി സാംസ്കാരിക വകുപ്പിൻ്റെ നയങ്ങളും. വിജയദശമി ദിനത്തിൽ നൃത്തകലാ പരിശീലകർക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് വിദ്യാരംഭത്തിന് എങ്കിലും അനുമതി നൽകണമെന്ന ആവശ്യം തള്ളി സർക്കാരിൻ്റെ നടന ഗ്രാമത്തിന് മാത്രം അനുമതി.

പ്രളയം ആണെങ്കിലും കൊവിഡ് മഹാമാരി ആണെങ്കിലും സ്വജനപക്ഷപാതിതം വിട്ട് സംസ്ഥാനസർക്കാരിനും സിപിഎമ്മിനും ഒരു കളിയുമില്ല. സാംസ്കാരിക വകുപ്പിൻറെ നയങ്ങൾ തീരാദുരിതത്തിലേക്ക് തള്ളി വിടുന്നത് പതിനായിരത്തോളം വരുന്ന നൃത്ത അധ്യാപകരേയും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളെയുമാണ്. പ്രളയവും കൊറോണയും അക്ഷരാര്‍ത്ഥത്തില്‍ കലാകാരന്മാരുടെയും നൃത്ത-സംഗീത കലാ പരിശീലകരുടെയും ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു ലഭിച്ചിരുന്ന വരുമാനമായിരുന്നു ഇവരുടെ ഉപജീവനമാര്‍ഗ്ഗം. മാസങ്ങളായി വരുമാനം ഇല്ലതായതോടെ പല കലാകാരന്മാരുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഈ ദുരിത കാലത്തെ എങ്ങനെ മറികടക്കണം എന്നറിയാതെ ആശങ്കയിലായവർ ഏറേ പ്രതീക്ഷയോടെയാണ് സാംസ്കാരിക മന്ത്രി എ കെ ബാലനെ സമീപിച്ച് വിജയദശമി ദിനത്തിൽ പ്രോട്ടോക്കോൾ പാലിച്ച് വിദ്യാരംഭത്തിന് എങ്കിലും അനുമതി വേണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം നിർദയം തള്ളിയ സർക്കാർ തൊട്ടു പിന്നാലെ പക്ഷെ സാസ്കാരിക വകുപ്പിൻ്റെ നടന ഗ്രാമത്തിന് മാത്രം അനുമതി നൽകിയതാണ് ഏറേ അമ്പരിപ്പിക്കുന്നത്. കൊവിഡാണ് കാരണമെങ്കിൽ വൈറസിന് സർക്കാരന്നോ സ്വകാര്യമെന്നോ ഉണ്ടോ എന്നതാണ് ചോദ്യം.

സാധാരണക്കാരായ നൃത്ത അധ്യാപകർ ദുരിതത്തിലാണ് എന്ന ഉത്തമബോധ്യമുള്ള സർക്കാർ പണ്ഡിറ്റ് രമേഷ് നാരായണനും മധുശ്രീ നാരായണൻ ഉൾപ്പെടെയുള്ളവർക്ക് ആദരമർപ്പിച്ച് ആഘോഷത്തോടെയാണ് നടന ഗ്രാമത്തിൽ വിദ്യാരംഭത്തിന് തയ്യാറെടുക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് എന്തുകൊണ്ടാണ് സംസ്ഥാനത്തെ സ്വകാര്യ അധ്യാപകർക്ക് ഇതിനുള്ള അവസരം നൽകാത്തത് എന്നതാണ് ചോദ്യം. സർക്കാരിനും സി പി എമ്മിനും ബാധകമല്ലാത്ത കൊവിഡ് സാധാരണക്കാരനെ മാത്രം ബാധിക്കുമ്പോൾ തകരുന്നത് ജനാധിപത്യത്തിൽ അർപ്പിക്കപ്പെട്ട ചില വിശ്വാസങ്ങൾ കൂടിയാണ്.