നിയമസഭാ കയ്യാങ്കളി കേസില്‍ സർക്കാർ സുപ്രീം കോടതിയിലേക്ക് ; ജലീലിനെയും ശിവന്‍കുട്ടിയെയും സംരക്ഷിക്കാന്‍ നീക്കം

Jaihind Webdesk
Saturday, April 24, 2021

നിയമസഭാ കയ്യാങ്കളി കേസിൽ  സർക്കാർ സുപ്രീം കോടതിയിലേക്ക്. ഇ.പി ജയരാജനും കെ.ടി ജലീലും അടക്കമുളളവർ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ ഉടൻ ഹർജി നൽകും.
വാദത്തിനായി മുതിർന്ന അഭിഭാഷകനെ നിയോഗിക്കാനാണ് തീരുമാനം. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളായ കെ.ടി ജലീലിനെയും വി ശിവന്‍കുട്ടിയെയും സംരക്ഷിക്കാനാണ് സർക്കാർ നീക്കം.

നിയമസഭയിലെ കയ്യാങ്കളിക്കിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ ഇ.പി ജയരാജനും കെ.ടി ജലീലുമടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്‌താണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഈ ആഴ്‌ചതന്നെ ഹര്‍ജി ഫയല്‍ ചെയ്യാനും മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനുമാണ് നീക്കം. വി ശിവന്‍കുട്ടി, കെ അജിത്‌, കെ കുഞ്ഞമ്മദ്‌, സി.കെ സദാശിവന്‍, എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് ജലീലും ശിവന്‍കുട്ടിയും. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ എം.എല്‍.എ സ്‌ഥാനം നഷ്‌ടമാകാനിടയുണ്ട്. അപ്പീല്‍ നല്‍കിയാലും തീര്‍പ്പാകുന്നതുവരെ എം.എല്‍.എ സ്‌ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞേക്കുമെങ്കിലും സഭയില്‍ വോട്ടവകാശം ഉണ്ടാകുമെന്ന്‌ ഉറപ്പില്ല. മത്സരഫലം എന്തായാലും ഈ വസ്തുത മുന്നില്‍ കണ്ടാണ് തിരക്കിട്ട്‌ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സർക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം.

2015 മാര്‍ച്ച്‌ 13ന് ബജറ്റ്‌ അവതരണത്തിനിടെയായിരുന്നു ഇടതുപക്ഷത്തിന്‍റെ അക്രമം. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ കൈക്കൂലി വാങ്ങിയെന്നാരോപിച്ച്‌ ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ നടത്തിയ പ്രതിഷേധമാണ് സംസ്ഥാനത്തെ നാണം കെടുത്തിയ സംഭവവികാസങ്ങളിലേക്ക് നയിച്ചത്. സഭയില്‍ അഴിഞ്ഞാടിയ അന്നത്തെ പ്രതിപക്ഷം കമ്പ്യൂട്ടറുകളും കസേരകളും ഉള്‍പ്പെടെ വലിയ നാശനഷ്ടമുണ്ടാക്കി. സ്‌പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്ന്‌ കസേരയും മൈക്കും കമ്പ്യൂട്ടറും പാനലുകളും അടിച്ചുതകര്‍ത്തതിലൂടെ 2.2 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്നാണു ക്രൈം ബ്രാഞ്ച്‌ കുറ്റപത്രം. അന്നത്തെ മാണി ഗ്രൂപ്പ്‌ ഇന്ന്‌ ഇടതുമുന്നണിയിലാണ്.

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് നിയമസഭയുടെ പരിരക്ഷയില്ലെന്ന് വ്യക്‌തമാക്കി പ്രതികള്‍ വിചാരണ നേരിടണമെന്ന് മാര്‍ച്ച്‌ 13 ന്‌ ഹൈക്കോടതി വിധിച്ചു. നിയമസഭയിലെ സംഭവങ്ങളുടെ പേരില്‍ അച്ചടക്ക നടപടിയല്ലാതെ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ സാധിക്കില്ലെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി തള്ളി. സർക്കാരിന്‍റെ ആവശ്യം നീതിന്യായ വ്യവസ്‌ഥയെ തടസപ്പെടുത്തുന്നതും നീതിനിര്‍വഹണത്തിന്‍റെ മുഖത്തടിക്കുന്നതിന് തുല്യവുമാണെന്ന് കഴിഞ്ഞ സെപ്‌റ്റംബറില്‍ കേസ്‌ പിന്‍വലിക്കാന്‍ വിസമ്മതിച്ച ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി വ്യക്തമാക്കിയിരുന്നു.