സി.ബി.ഐ ഡയറക്ടര്‍: ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും; മൂന്നുപേര്‍ പരിഗണനയില്‍

Saturday, February 2, 2019

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടറെ നിയമിക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയോഗം ഇന്ന് വീണ്ടും ചേരും. ഇന്ന് അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യത. മൂന്നുപേരാണ് പരിഗണനയിലുള്ളത്. രജനികാന്ത് മിശ്ര, ജാവേദ് അഹമ്മദ്, എസ്.എസ്. ദേശ്വാള്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ജാവേദ് അഹമ്മദിനെ നിയമിക്കണമെന്ന മില്ലകാര്‍ജുന്‍ ഖാര്‍ഗേയുടെ ആവശ്യം ഇന്നലെ പ്രധാനമന്ത്രി തള്ളിയിരുന്നു.

സി.ബി.ഐ മേധാവിയെ എത്രയും പെട്ടെന്ന് നിയമിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയും, സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി യോഗം ഇന്നലെ ചേര്‍ന്നിരുന്നെങ്കിലും തീരുമാനം ആയിരുന്നില്ല. 79 പേരുകളാണ് ആദ്യത്തെ സെലക്ഷന്‍ കമ്മിറ്റിയോഗം പരിഗണിച്ചത്. ഇന്നലത്തെ യോഗത്തില്‍ അത് മൂന്നുപേരായി ചുരുങ്ങി.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ഫോറന്‍സിക് ഡയറക്ടര്‍ ജാവേദ് അഹമ്മദ്, ബി.എസ്.എഫ് മേധാവി രജനികാന്ത് മിശ്ര, ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ എസ്.എസ്. ദേശ്വാള്‍ തുടങ്ങീ മുന്നുപേരുകളാണ് അവസാനപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രി മുന്നോട്ടുവെച്ച പേര് രജനികാന്ത് മിശ്രയുടേതാണ്. നിലവില്‍ നാഗേഷ്വര്‍ റാവുവാണ് സി.ബി.ഐ താല്‍ക്കാലിക ഡയറക്ടര്‍ സ്ഥാനത്തുള്ളത്. സ്ഥിരം ഡയറക്ടറെ നിയമിക്കാന്‍ വൈകുന്നതിനെതിരെ കഴിഞ്ഞദിവസം സുപ്രീംകോടതി രംഗത്തുവന്നിരുന്നു. ജാവേദ് അഹമ്മദിന്റെ പേര് പ്രധാനമന്ത്രി തള്ളിയതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിയോജിപ്പോടെയായിരിക്കും പുതിയ സി.ബി.ഐ ഡയറക്ടറുടെ നിയമനം ഉണ്ടാകുക.