ചിദംബരത്തെ വേട്ടയാടുന്നതിന് പിന്നില്‍ അമിത് ഷായെ ജയിലിലാക്കിയതിന്‍റെ പ്രതികാരം

Jaihind Webdesk
Wednesday, August 21, 2019

പി ചിദംബരത്തിനെതിരായ സി.ബി.ഐ നീക്കത്തിന് പിന്നില്‍ അമിത് ഷായുടെ പ്രതികാരനടപടി. പി ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെയാണ് സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ ജയിലിലാകുന്നത്. 2010ല്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവിലായിരുന്നു അമിത് ഷാ ജയിലിലാകുന്നത്.

2005 ലാണ് സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. സൊറാബുദീനും ഭാര്യ കൗസര്‍ബിയും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് യാത്ര ചെയ്യവെ ഹൈദരാബാദില്‍ നിന്ന് ഗുജറാത്ത് പൊലീസ് സംഘം തട്ടിക്കൊണ്ടുപോയെന്നും നവംബറില്‍ ഗാന്ധിനഗറില്‍ വെച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്.

2010 ല്‍ ഡോ. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു പി ചിദംബരം. അക്കാലയളവില്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നു അമിത്ഷാ. ഉന്നത പോലീസുദ്യോഗസ്ഥർക്കൊപ്പം അമിത് ഷായും സൊറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. 2010 ല്‍ സുപ്രീം കോടതി കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ അമിത് ഷായുടെ പങ്ക്  കണ്ടെത്തിയ സി.ബി.ഐ 2010 ജൂലൈയില്‍ ഷായെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതിയില്‍ അമിത് ഷാ ജാമ്യത്തിന് ശ്രമിച്ചപ്പോള്‍ സി.ബി.ഐ തടസഹര്‍ജിയും നല്‍കി. പ്രതിസ്ഥാനത്ത് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായതിനാല്‍ അധികാരവും സ്വാധീനവും ഉപയോഗിച്ച് തെളിവുകള്‍ അട്ടിമറിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് സി.ബി.ഐ വാദിച്ചു. ഇതോടെ മൂന്ന് മാസം അമിത് ഷായ്ക്ക് ജയിലില്‍ കഴിയേണ്ടിവന്നു. 2010 ഒക്‌ടോബര്‍ 29 നാണ് അമിത് ഷായ്ക്ക് ജാമ്യം ലഭിച്ചത്. തുടര്‍ന്ന് അമിത് ഷാ ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് സി.ബി.ഐ സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചു. 2010 മുതല്‍ 2012 വരെ ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് അമിത് ഷായ്ക്ക് വിലക്ക് ഏർപ്പെടുത്തി.  2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അമിത് ഷായെ കോടതി വെറുതെ വിട്ടു.

അതേസമയം പി ചിദംബരത്തിനെതിരെ സി.ബി.ഐ കുറ്റപത്രം പോലും നല്‍കിയിട്ടില്ല. കേന്ദ്രത്തിന്‍റേത് പ്രതികാര നടപടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അനധികൃതമായി വിദേശനിക്ഷേപം കൊണ്ടുവരാന്‍ കൂട്ടുനിന്നുവെന്നതാണ് ചിദംബരത്തിനെതിരായ കുറ്റമായി സി.ബി.ഐ ആരോപിക്കുന്നത്. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണെന്നും ചിദംബരം പ്രതികരിച്ചു. എതിര്‍ശബ്ദം ഉയർത്തുന്നവരെ നിശബ്ദരാക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്. ചിദംബരത്തിനെതിരെ അമിത് ഷായുടെ പ്രതികാര നടപടിയാണിതെന്നാണ് ഉയരുന്ന ആക്ഷേപം.