പെരിയ ഇരട്ടക്കൊലക്ക് കൂലി; വിവാദനിയമനത്തിലൂടെ പിരിച്ചുവിടപ്പെട്ട യുവതിക്ക് വീണ്ടും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം

Jaihind Webdesk
Friday, November 12, 2021

കാസറഗോഡ്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുടെ ഭാര്യക്ക് വീണ്ടും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം. കാസര്‍കോട് ടാറ്റ ആശുപത്രി, പെരിയ കമ്മ്യൂണിറ്റി സെന്‍റര്‍ എന്നിവയടക്കമുള്ള ആശുപത്രികളിലേക്ക് ശുചീകരണ തൊഴിലാളികളെ നിയമിച്ച പെരിയ കേസിലെ രണ്ടാം പ്രതിയുടെ ഭാര്യക്ക് റാങ്ക് നല്‍കി നിയമനം നല്‍കിയത്. രണ്ടാം പ്രതി കല്ല്യോട്ടെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പിന് ആറാം റാങ്ക് നല്‍കിയാണ് നിയമനം നല്‍കിയത്.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്ന ഇന്‍റര്‍വ്യൂവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ഓളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ നൂറ് പേരുടെ നിയമന പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. രണ്ടാം പ്രതിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ് ബുധനാഴ്ച ജില്ലാ ആശുപത്രിയില്‍ നിന്ന് സ്വഭാവ – ഫിറ്റ്‌നസ് കൈപറ്റിയതോടെയാണ് നിയമനം വിവാദമായത്.
നേരത്തെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പെരിയ കേസിലെ മുഖ്യപ്രതികളുടെ ഭാര്യമാരായ മൂന്നു പേര്‍ക്ക് നിയമനം നല്‍കിയത് വീക്ഷണം പുറത്ത് കൊണ്ട് വന്നതോടെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയും പ്രതിഷേധ സംഗമം നടത്തുകയും ചെയ്തിരുന്നു.

നിയമനം വിവാദമായതോടെ ഒന്ന്, രണ്ട്, മൂന്ന് പ്രതികളുടെ ഭാര്യമാരെ പിരിച്ചുവിട്ടിരുന്നു. നേരത്തെ പിരിച്ചുവിട്ട രണ്ടാം പ്രതിയുടെ ഭാര്യക്കാണ് വീണ്ടും നിയമനം നല്‍കിയത്. പെരിയ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം ആണയിട്ട് പറയുമ്പോഴും പ്രതികള്‍ക്ക് നിയമ സഹായവും കുടുംബങ്ങള്‍ക്ക് പരിരക്ഷയും നല്‍കുകയാണ് സിപിഎം നേതൃത്വം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പെരിയ പെരിയ കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍ കൊലക്കേസിലെ പതിമൂന്നാം പ്രതിയായ കെ.മണികണ്ഠന്‍ പ്രസിഡന്‍റായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളതാണ്.

തൊഴിലില്ലായ്മയില്‍ വലയുന്ന ലക്ഷക്കണക്കിന് യുവതി യുവാക്കളുള്ള നാട്ടില്‍ കോഴനിയമനവും കൊലക്കേസ് പ്രതിയുടെ ഭാര്യക്ക് നിയമനവും നല്‍കുന്നത് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ സെക്രട്ടറിമാര്‍ ശുപാര്‍ശ ചെയ്യുന്ന നിയമനങ്ങളാണ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ ആശുപത്രിയില്‍ നടക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി ഡിഎംഒ. എന്നിവരുള്‍പ്പെടെയുള്ള അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് ഇന്റര്‍വ്യൂ നടത്തിയത്. പാര്‍ട്ടി നല്‍കിയ ലിസ്റ്റ്, മാനദണ്ഡം കാറ്റില്‍ പറത്തി അംഗീകരിച്ച് നിരവധി പേരെ ഇന്‍റര്‍വ്യൂവിന് വിളിച്ചുവരുത്തി വഞ്ചിക്കുകയായിരുന്നു.