യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നത്: ഗവർണർ പി സദാശിവം

Jaihind Webdesk
Thursday, July 18, 2019

യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന സംഘര്‍ഷങ്ങളെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി സദാശിവം. കഴിഞ്ഞ മൂന്ന് ദിവസമായി പലതവണയായി പ്രശ്നത്തിൽ ഇടപെട്ട് വരികയാണ്. ഇത്തരം സംഭവങ്ങൾ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

യൂണിവേഴ്‍സിറ്റി കോളേജിൽ ഉണ്ടായ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമാണ് . പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇത് നല്ലകാര്യമല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ വൈസ് ചാൻസിലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ സംഘടനാപ്രതിനിധികളും എല്ലാമായി കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങൾ അധികം വൈകാതെ പരിഹരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

യൂണിവേഴ്‍സിറ്റി സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഗവര്‍ണറെ കണ്ട് വിശദീകരണം നൽകുകയും ചെയ്തിരുന്നു.