‘നാണക്കേടും ദുഃഖവും തോന്നുന്നു’; ആലപ്പുഴ കൊലപാതകങ്ങളില്‍ റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് ഗവർണർ

Jaihind Webdesk
Sunday, December 19, 2021

ആലപ്പുഴയിലെ അരുംകൊലകള്‍ ദുഃഖകരമെന്ന്  ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവത്തില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്നായിരുന്നു ഗവർണറുടെ പ്രതികരണം. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മരണം ഉണ്ടാകരുതെന്നും ആരും നിയമം കയ്യിലെടുക്കരുതെന്നും ഗവർണര്‍ പറഞ്ഞു. പൊലീസിന് വീഴ്ച പറ്റിയോ എന്നത് പരിശോധിക്കപ്പെടണം. സംഭവത്തില്‍ റിപ്പോർട്ട് തേടുമെന്നും ഗവർണർ വ്യക്തമാക്കി.

”നിയമം ആര് കയ്യിലെടുക്കാൻ ശ്രമിച്ചാലും അത് ജനാധിപത്യത്തിനു ഭൂഷണമോ ആധുനിക സംസ്കാരത്തിന് ചേരുന്നതോ അല്ല. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഓരോ പൗരനും വിശ്വാസം ഉണ്ടാകണം. പരിഷ്കൃത സമൂഹത്തിന് ചേർന്ന പെരുമാറ്റം ഉണ്ടാകണം. രാജ്യത്ത്‌ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനത്താണ് ഇങ്ങനെ നടക്കുന്നത് എന്നത് ഏറ്റവും ദുഃഖകരമാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് കുറച്ചുസമയം കൊടുക്കണം, അനാവശ്യ നിഗമനങ്ങളിൽ എത്തരുത്. ആദ്യ കൊലപാതകത്തിനുശേഷം പൊലീസിന് ഏതെങ്കിലും തരത്തിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കപ്പെണം. സാധാരണക്കാർക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാകരുത്. അത് പുനഃസ്ഥാപിക്കാൻ ഇടപെടലുകൾ നടത്തണം” – ഗവർണർ പറഞ്ഞു.

12 മണിക്കൂറിനിടെ ആലപ്പുഴയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ പ്രതികരണം. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. രണ്ട് സംഭവങ്ങളിലുമായി 50 പേർ കസ്റ്റഡിയിലായിട്ടുണ്ട്. നാളെ ആലപ്പുഴയില്‍ കളക്ടർ സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.