‘രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമം, ഭരണഘടനാപ്രതിസന്ധിയുണ്ടാകും’; ഗവർണർ-സർക്കാർ ഏറ്റുമുട്ടല്‍ നാടകം തുടരുന്നു

Jaihind Webdesk
Saturday, February 19, 2022

തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ നാടകം തുടരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവിവാദത്തിൽ സർക്കാരിനെതിരെ വിമർശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വീണ്ടും രംഗത്തെത്തി. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ രാഷ്ട്രീയ നിയമനമാണ് നടക്കുന്നതെന്നും ഈ രീതി അനുവദിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു.

രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സർക്കാർ കരുതിയാൽ അത് അംഗീകരിക്കാനാവില്ലെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. താൻ കാര്യങ്ങൾ ബോധിപ്പിക്കേണ്ടത് രാഷ്ട്രപതിയോട് മാത്രമാണ്. രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാകും. താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ 11 പേരാണ് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നത്. ഇവിടെ പല മന്ത്രിമാർക്കും 20 പേരിലധികമുണ്ട്. പൊതുജനത്തിന്‍റെ പണമാണ് പാഴാക്കുന്നത്. പെൻഷനുവേണ്ടി രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുന്നു.

മുൻ മന്ത്രി എ.കെ ബാലനെയും ഗവർണർ വിമർശിച്ചു. പേര് ബാലൻ എന്നാണെന്ന് കരുതി ബാലിശമായി സംസാരിക്കരുതെന്നും ഉള്ളിലെ കുട്ടി ഇനിയും വളർന്നിട്ടില്ലേ എന്നും ഗവർണർ ചോദിച്ചു. എ.കെ ബാലന് ഇപ്പോൾ പണിയൊന്നുമില്ലാത്തതിനാല്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്നും ഗവർണർ പരിഹസിച്ചു.