കവളപ്പാറയില്‍ സർക്കാരിന്‍റെ കൊടിയ വഞ്ചന; കിടപ്പാടം നഷ്ടമായ ആദിവാസി കുടുംബങ്ങള്‍ക്ക് ക്യാമ്പില്‍ ഇപ്പോഴും ദുരിതജീവിതം; തിരിഞ്ഞുനോക്കാതെ പി.വി അന്‍വർ എംഎല്‍എ| VIDEO STORY

Jaihind News Bureau
Friday, June 12, 2020

 

മലപ്പുറം : ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ കവളപ്പാറയിലെ ജനങ്ങളോട് സർക്കാർ ചെയ്തത് കൊടിയ വഞ്ചന. വീടും കുടുംബവും നഷ്ടപ്പെട്ട് കവളപ്പാറയിൽ നിന്ന് ജീവനും കൊണ്ടോടിയ 29 ആദിവാസി കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പിൽ. പി.വി അൻവർ എം.എൽ.എയും മുൻ കളക്ടറും തമ്മിലുള്ള തർക്കമാണ് ആദിവാസി കുടുംബങ്ങളെ പെരുവഴിയിലാക്കിയത്.

ഉരുള്‍പൊട്ടലിന് പിന്നാലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്  ഇവരെല്ലാം പ്രാണനും കൊണ്ട് ഓടുകയായിരുന്നു. ഒരിഞ്ച് ഭൂമി പോലും ഇല്ലാത്തതിനാൽ താൽക്കാലിക ആശ്രയമായി മാത്രമാണ് ക്യാമ്പിലെത്തിയത്. മുഖ്യമന്ത്രി കവളപ്പാറയിൽ നേരിട്ടെത്തി ദുരന്തത്തിന്‍റെ വ്യാപ്തി മനസിലാക്കി. ആറ് മാസം കൊണ്ട് എല്ലാവരെയും പുനരധിവസിപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. എന്നാൽ ദുരന്തം കഴിഞ്ഞ് പത്ത് മാസം പിന്നിടുമ്പോഴും ഇവരുടെ ദുരിതത്തിന് അവസാനമില്ല.

പുനരധിവാസത്തിന്‍റെ കാര്യത്തിൽ സർക്കാർ എന്തെങ്കിലും മുൻകൈ എടുത്തോ എന്ന് നൂറിലേറെ ആളുകൾ കഴിയുന്ന ഈ ക്യാമ്പിലെ ഒരാൾക്ക് പോലും അറിയില്ല. ആദിവാസികൾ ആയത് കൊണ്ടാണോ ഈ ദുർവിധി എന്ന് ഇവർ ചോദിക്കുന്നു. ജില്ലയിൽ പുതിയ കളക്ടർ എത്തിയിട്ടുണ്ടങ്കിലും കവളപ്പാറയിൽ ജനങ്ങൾക്ക് പുനരധിവാസം സാധ്യമാവാത്തത് മുൻ കളക്ടറുടെ പോരായ്മയാണെന്ന് പറഞ്ഞ് തടിയൂരാനാണ് സ്ഥലം എം.എൽ.എ പി.വി അൻവറിന്‍റെ ശ്രമം.

ഉറ്റവരെയും ഉടയവരെയും സ്വന്തം കിടപ്പാടം പോലും നഷ്ടമായ ഒരു ജനത കഴിഞ്ഞ പത്ത് മാസമായി ദുരിതജീവിതം തള്ളി നീക്കുകയാണ്. സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണനയിൽ നിസഹായരാണ് ഇവർ. ഇനിയും സർക്കാർ തങ്ങളെ അവഗണിക്കാനാണ് ഭാവമെങ്കിൽ ദുരന്തമുണ്ടായ അതേസ്ഥലത്ത് കുടിൽ കെട്ടി താമസിക്കുമെന്ന് ഇവർ പറയുന്നു. വീണ്ടുമൊരു മഴക്കാലവും പ്രളയവും ഭീഷണിയാകുന്ന സാഹചര്യത്തിൽ സർക്കാരിന്‍റെ കണ്ണുതുറപ്പിക്കാൻ ആത്മഹത്യാപരമായ ഈ നീക്കമല്ലാതെ ഇവർക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ല.