കൊവിഡ് : സംസ്ഥാനത്ത് അനിവാര്യമായി ജൂനിയർ ഹെല്‍ത്ത് ഇന്‍സ്പെക്ടർമാരുടെ സേവനം ; ചെറുവിരലനക്കാതെ സർക്കാർ

Jaihind Webdesk
Wednesday, May 12, 2021

കോവിഡ് രോഗം അതി രൂക്ഷമായി സംസ്ഥാനത്ത് വ്യാപകമാകുമ്പോള്‍ താഴെത്തട്ടില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എകോപിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ഒന്നര വര്‍ഷമായി നിലവിലില്ല. 1970 ലെ ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയാണ് ഇന്നും ആരോഗ്യവകുപ്പില്‍ നിലവിലുള്ളത്. അതുകൊണ്ട് തന്നെ സര്‍വ്വീസില്‍ ഉള്ളവര്‍ക്ക് പുറമേ ആയിരത്തോളം പേരാണ് എന്‍.എച്ച്എം. വഴിയും അല്ലാതെയും താത്കാലികമായി ഇപ്പോള്‍ ജോലി ചെയ്യുന്നത്. കോവിഡ് രോഗ ബാധ അതി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ 4000 തസ്തിക പുതുതായി സൃഷ്ടിച്ചെങ്കിലും ഒരെണ്ണം പോലും ജെ.എച്ച്.ഐ തസ്തികയ്ക്ക് ലഭിച്ചില്ല. സർവീസിൽ ഉള്ളവർക്ക് പുറമേ ആയിരത്തോളം പേർ താത്കാലികമായി ജോലി ചെയ്തിട്ടും അധിക തസ്തിക സൃഷ്ടിക്കാത്തതിനു നല്‍കുന്ന മറുപടി റാങ്ക് ലിസ്റ്റ് നിലവിലില്ല എന്നതാണ്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം ജനസംഖ്യാനുപാതികമായി അയ്യായിരത്തിന്  ഒരു ജെ.എച്ച്.ഐ. എന്നാണെങ്കിലും കേരളത്തില്‍ വര്‍ഷങ്ങളായി അതിന്‍റെ രണ്ടും മൂന്നും ഇരട്ടി ജനസംഖ്യയ്ക്കാണ് ഒരു ജെ.എച്ച്.ഐ. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതും, അവരുടെ കോണ്ടാക്റ്റ് ലിസ്റ്റ് ശേഖരിക്കുന്നതും, ടെസ്റ്റ് ചെയ്യേണ്ടവരുടെ വിവര ശേഖരണം നടത്തുന്നതും, കോവിഡ് പോസിറ്റീവ് ആയവരെ വിവരം അറിയിക്കുന്നതും അതോടൊപ്പം മറ്റ് പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമെല്ലാം നേതൃത്വം നൽകുന്നത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ്. ഇവരുടെ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളുടെ കൂടി ഫലമായാണ് നമ്മുടെ സമൂഹത്തിൽ പല പകർച്ച വ്യാധികളും ജനങ്ങൾക്ക് ഭീക്ഷണിയാകുന്ന വിധം വ്യാപിക്കാതെ നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നത്. ആരോഗ്യ രംഗത്ത് പ്രതിരോധ പ്രവർത്തനത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് നിപ്പ രോഗത്തെ നിയന്ത്രിച്ചു നിർത്താൻ സാധിച്ചത്. എന്നാൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിലെ സുപ്രധാനമായ തസ്തികയിൽ നിയമനം നടന്നിട്ട് ഒന്നര വര്‍ഷത്തോളമായി.

കേരള സര്‍ക്കാർ 2005 മുതല്‍ ആരംഭിച്ച രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പാസായവര്‍ക്ക് മാത്രമാണ് കേരള പി.എസ്.സി വഴി ജെ.എച്ച്.ഐമാരായി ആരോഗ്യ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ സാധിക്കുന്നത്. 16 വര്‍ഷം കൊണ്ട് നൂറുകണക്കിന് വിദ്യാർത്ഥികള്‍ കോഴ്സ് പാസായെങ്കിലും യഥാസമയം പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്താറില്ല. വര്‍ഷാവര്‍ഷം പകര്‍ച്ചവ്യാധികളും പ്രളയം ഉള്‍പ്പടെയുള്ള പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ താത്കാലികമായി നിയമനം നടത്തുകയാണ് പതിവ്.

പുതിയ റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുകയും ആരോഗ്യവകുപ്പിൽ പുതുതായി സൃഷ്ടിക്കാൻ പോകുന്ന തസ്തികകളിൽ ജെ.എച്ച്.ഐ വിഭാഗത്തെയും ഉൾപ്പെടുത്തി ജനസംഖ്യാനുപാതികമായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തിക സൃഷ്ടിച്ചു ആരോഗ്യ വകുപ്പ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ കുറച്ച് കൂടി പ്രാധാന്യം കൊടുക്കണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമ ഹോൾഡേഴ്സ് അസോസിയേഷൻ (HIDHA) അറിയിച്ചു.