ശബരിമല തീർത്ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു : രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, November 29, 2018

RameshChennithala-outside-sabha

ശബരിമല തീർത്ഥാടനം അട്ടിമറിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് ബിജെപി കുടപിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ വ്യക്തമാകുന്നത്. ശബരിമലയിലെ നിരോധനാജ്ഞ അടിയന്തിരമായി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഭക്തർക്ക് സൗകര്യമായി ദർശനം നടത്താൻ അവസരം ഒരുക്കണമെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയത്തിന് ശേഷം ശബരിമലയില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്നും ശബരിമലയില്‍ ഒരു ഓലപ്പുര പോലും നിർമ്മിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന് സര്‍ക്കാര്‍ തയ്യാറാകാത്തത് ഭക്തർ ശബരിമലയിലേക്ക് എത്തരുതെന്ന മുഖ്യമന്ത്രിയുടെ നിർബന്ധബുദ്ധിയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ധാഷ്ട്യം വെടിയണം. ഈ പ്രശ്നങ്ങളെല്ലാം നിയമസഭയില്‍ ഉന്നയിക്കാനായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ചോദ്യോത്തര വേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.